Photo: AFP
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബ് അല്‍ നസ്റുമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചൂടേറിയ വിഷയം. റെക്കോഡ് തുകയ്ക്ക് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്റിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ഇതുവരെ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏര്‍പ്പെടുത്തിയ വിലക്കാണ് താരത്തിന്റെ അരങ്ങേറ്റം വൈകാന്‍ കാരണമായത്. കാണികളിലൊരാളുടെ മൊബൈല്‍ തട്ടിത്തെറുപ്പിച്ചതിനെത്തുടര്ന്നാണ് റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. 50000 പൗണ്ട് പിഴയും താരത്തിന് മേല്‍ ചുമത്തി. എവര്‍ട്ടണിനെതിരായ മത്സരശേഷമാണ് സംഭവമരങ്ങേറിയത്.
അല്‍ നസ്റിലെത്തിയ ശേഷം രണ്ട് മത്സരങ്ങളുടെ വിലക്ക് മാറിയശേഷം വേണം റൊണാള്‍ഡോയ്ക്ക് ബൂട്ടുകെട്ടാന്‍. ജനുവരി 22 ന് താരം സൗദി അറേബ്യന്‍ ക്ലബ്ബിനായി കളിക്കുമെന്ന് അല്‍ നസ്ര് അറിയിച്ചിട്ടുണ്ട്. എത്തിഫാക്കാണ് ടീമിന്റെ എതിരാളി.
എന്നാല്‍ അതിന് മുന്നോടിയായി റൊണാള്‍ഡോ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും നെയ്മറുമെല്ലാം അണിനിരക്കുന്ന പി.എസ്.ജിയ്ക്കെതിരേ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജനുവരി 19 ന് പി.എസ്.ജിയ്ക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചേക്കും. അല്‍ നസ്ര്, അല്‍ ഹിലാല്‍ എന്നീ ക്ലബ്ബുകള്‍ ചേര്‍ന്നുള്ള ഒരു സംയുക്ത ടീം പി.എസ്.ജിയ്ക്കെതിരേ കളിക്കും.
അങ്ങനെയാണെങ്കില്‍ റൊണാള്‍ഡോ ടീമിലുണ്ടാകുമെന്നാണ് സൂചന. സൗഹൃദ മത്സരമായതിനാല്‍ വിലക്ക് ബാധകമാകില്ല. അങ്ങനെയെങ്കില്‍ വീണ്ടുമൊരു റൊണാള്‍ഡോ-മെസ്സി പോരാട്ടത്തിന് ഫുട്ബോള്‍ ലോകം സാക്ഷിയാകും. റൊണാള്‍ഡോ കളിക്കുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: crstiano ronaldo,messi, psg, messi vs ronaldo, al nassr, al nassr football club, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..