ലിസ്ബണ്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ ടീം. ഈ മാസം നടക്കുന്ന പോളണ്ടിനെതിരേയും സ്‌കോട്ട്‌ലന്‍ഡിനെതിരേയുമുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ക്രിസ്റ്റ്യാനോയ്ക്ക് സ്ഥാനമില്ല. കഴിഞ്ഞ ദിവസം പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസാണ് ടീമിനെ പ്രഖ്യാപിച്ചത്. 

അടുത്തിടെ ഒരു മാനഭംഗക്കേസില്‍ ക്രിസ്റ്റ്യാനൊ അകപ്പെട്ടിരുന്നു. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് പോര്‍ച്ചുഗീസ് താരം പീഡിപ്പിച്ചതായി ഒരു അമേരിക്കന്‍ യുവതിയാണ് പരാതി നല്‍കിയത്. ക്രിസ്റ്റ്യാനോയെ ടീമിലേക്ക് പരിഗണിക്കാതിക്കാന്‍ കാരണം ഈ കേസാണെന്നും റിപ്പോര്‍ട്ടുണ്ട്. 

നവംബര്‍ വരെയുള്ള പോര്‍ച്ചുഗലിന്റെ രാജ്യാന്തര മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പൊതുതീരുമാനമുണ്ടായതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് തഴഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പോര്‍ച്ചുഗീസ് പരിശീലകന്‍ സാന്റോസ്, പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഗോമസ് എന്നിവരുമായി ക്രിസ്റ്റ്യാനോ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ക്രിസ്റ്റ്യാനോ തിരിച്ചുവരുമെന്നും ആരും അദ്ദേഹത്തിന് തടസ്സം സൃഷ്ടിക്കില്ലെന്നും പരിശീലകന്‍ സാന്റോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ക്യാപ്റ്റനായിരുന്ന ക്രിസ്റ്റ്യാനോ പിന്നീട് ദേശീയ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. അതിനുശേഷം നടന്ന ക്രൊയേഷ്യക്കെതിരേയും ഇറ്റലിക്കെതിരേയുമുള്ള മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് പരിശീലകന്‍ സാന്റോസ് വിശ്രമം അനുവദിച്ചിരുന്നു.

Content Highlights: Cristiano Ronaldo left out of Portugal squad