ബേണ്‍: ഡിബാലയുടെ തകര്‍പ്പന്‍ ഗോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇടപെടലിനെ തുടര്‍ന്ന് നിഷേധിക്കപ്പെട്ട മത്സരത്തില്‍ സ്വിസ് ക്ലബ്ബ് യങ് ബോയ്‌സിനോട് യുവെന്റസിന് തോല്‍വി. 

ചാമ്പ്യന്‍സ് ലീഗില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുവെന്റസ് തോറ്റത്. കഴിഞ്ഞ 26 എവേ മത്സരങ്ങളില്‍ യുവെയുടെ ആദ്യ തോല്‍വിയാണിത്. 2017 നവംബറിനു ശേഷം തോല്‍ക്കുന്ന ആദ്യ എവേ മത്സരവും. 

സമനില പിടിക്കാമായിരുന്ന മത്സരം സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആവശ്യമില്ലാത്ത ഒരു ഇടപെടലിനെ തുടര്‍ന്നാണ് യുവെ തോറ്റത്. മത്സരം 2-1 ന് യങ് ബോയ്‌സ് മുന്നിട്ടു നില്‍ക്കെ ഇന്‍ജുറി ടൈമില്‍ ഡിബാല നേടിയ ഒരു ഗോള്‍ റൊണാള്‍ഡോയുടെ ഇടപെടല്‍ കാരണം റഫറി നിഷേധിക്കുകയായിരുന്നു.

യുവെയ്ക്ക് ലഭിച്ച കോര്‍ണര്‍ യങ് ബോയ്‌സ് താരങ്ങള്‍ ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് എത്തിയത് ഡിബാലയുടെ കാലില്‍. ഡിബാല തൊടുത്ത ഷോട്ട് യങ്ങ് ബോയ്‌സിന്റെ വലയില്‍ കയറി. യുവെ ടീം ഒന്നാകെ സമനില ഗോള്‍ ആഘോഷിക്കുമ്പോള്‍ ലൈന്‍ റഫറി ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. പന്ത് വലയിലേക്ക് പോകുന്നതിനിടെ ഓഫ്‌സൈഡ് പൊസിഷനില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോ ആ ഷോട്ടില്‍ തലവെക്കാന്‍ ശ്രമിച്ചതാണ് ഡിബാലയുടെ ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.

ഗോളിക്ക് ഒരു അവസരവും നല്‍കാതെ കൃത്യമായി വലയിലേക്കുപോകുകയായിരുന്ന പന്തിലാണ് റൊണാള്‍ഡോ തലവെയ്ക്കാന്‍ ശ്രമിച്ച് നശിപ്പിച്ചത്.

30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗ്വിലമെ ഹൊറാവുവാണ് യങ് ബോയ്‌സിനായി ആദ്യം സ്‌കോര്‍ ചെയ്തത്. 68-ാം മിനിറ്റില്‍ ഹൊറാവു അവരുടെ ലീഗ് രണ്ടായി ഉയര്‍ത്തി. ഗോള്‍ തിരിച്ചടിക്കാനുള്ള യുവെയുടെ ശ്രമങ്ങള്‍ പലതും ഫിനിഷിങ്ങിലെ പോരായ്മ കാരണം ഗോളാകാതെ പോകുകയായിരുന്നു. നിരവധി അവസരങ്ങളാണ് റൊണാള്‍ഡോയ്ക്കും ലഭിച്ചത്. എന്നാല്‍ അതൊന്നും വലയിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 80-ാം മിനിറ്റില്‍ ഡിബാല നേടിയ ഗോള്‍ മാത്രമാണ് യുവെയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

Content Highlights: cristiano ronaldo led juventus beaten by swiss champions