ബാലണ്‍ദ്യോര്‍ പുരസ്‌കാര സമിതി അംഗത്തിനെതിരേ കടുത്ത വിമര്‍ശനവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാലണ്‍ദ്യോര്‍ സമ്മാനിക്കുന്ന മാസികയായ ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെറെയ്‌ക്കെതിരേയാണ് റൊണാള്‍ഡോ ശബ്ദമുയര്‍ത്തിയത്. 

പാസ്‌കല്‍ നുണപറഞ്ഞുവെന്ന് റൊണാള്‍ഡോ പറഞ്ഞു. മെസ്സിയേക്കാള്‍ കൂടുതല്‍ തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടി വിരമിക്കുകയാണ് ലക്ഷ്യമെന്ന് റൊണാള്‍ഡോ തന്നോട് പറഞ്ഞിരുന്നുവെന്ന് പാസ്‌കല്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കള്ളമാണെന്ന് റൊണാള്‍ഡോ പറഞ്ഞു. 

വെള്ളിയാഴ്ച ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാസ്‌കല്‍ ഇക്കാര്യം അറിയിച്ചത്. ഇത് കണ്ട് ക്ഷുഭിതനായ റൊണാള്‍ഡോ പാസ്‌കല്‍ നുണപറയുകയാണെന്ന് പറഞ്ഞ് രംഗത്തെത്തി. 

' പാസ്‌കല്‍ നുണപറയുകയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാസികയ്ക്കും പ്രശസ്തി ലഭിക്കുന്നതിനുവേണ്ടി എന്റെ പേര് ഉപയോഗപ്പെടുത്തി. ഇത്രയും വലിയ പുരസ്‌കാരം നല്‍കുന്ന മാസികയുടെ എഡിറ്റര്‍ ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാനാകില്ല.'- റൊണാള്‍ഡോ പറഞ്ഞു. 

പുരസ്‌കാരങ്ങളുടെ പിറകേ ഓടാറില്ലെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ' ഞാന്‍ പ്രതിനിധീകരിക്കുന്ന ക്ലബ്ബിനുവേണ്ടി വിജയങ്ങള്‍ നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. എനിക്കും എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഫുട്‌ബോള്‍ ലോകത്ത് എന്റെ പേര് സുവര്‍ണലിപികളാല്‍ എഴുതപ്പെടണമെന്നത് മാത്രമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 

അഞ്ചുതവണ ബാലണ്‍ദ്യോര്‍ നേടിയ താരമാണ് റൊണാള്‍ഡോ. മെസ്സി കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം തവണ ബാലണ്‍ദ്യോര്‍ കിരീടം നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.

Content Highlights: Cristiano Ronaldo lashes out at Ballon d’or chief after Lionel Messi claim