ടൂറിന്‍: യുവന്റസ് ജേഴ്സിയില്‍ മാറ്റുതെളിയിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എട്ടുമിനിറ്റേ വേണ്ടിവന്നുള്ളു. വരാനിരിക്കുന്ന ഗോളാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട് യുവന്റസിനുവേണ്ടി ഇറങ്ങിയ ആദ്യമത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എട്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. യുവന്റസ് ബി ടീമിനെതിരായ സൗഹൃദമത്സരത്തിലാണ് ഞായറാഴ്ച ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങിയത്.

പത്തുവര്‍ഷത്തോളം റയല്‍ മഡ്രിഡിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോര്‍ച്ചുഗീസ് താരം കഴിഞ്ഞമാസം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് മാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്കിടെയാണ് ക്ലബ്ബ് മാറുന്ന കാര്യം ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചത്.

ഇറ്റാലിയന്‍ സീരി എയില്‍ ശനിയാഴ്ച ചീവോയ്ക്കെതിരേ യുവന്റസ് സീസണിലെ ആദ്യമത്സരം കളിക്കും. അതിനുമുന്നോടിയായി ഞായറാഴ്ച നടന്ന സൗഹൃദമത്സരം ക്രിസ്റ്റ്യാനോയ്ക്ക് പരിശീലനം മാത്രമായിരുന്നു. കാപെല്ലിനിയും പൗളോ ഡിബാലയും സ്‌കോര്‍ ചെയ്തതോടെ യുവന്റസ് അനായാസം കളി ജയിച്ചു.

Content Highlights: Cristiano Ronaldo Juventus First Match