Cristiano Ronaldo | Photo: Dean Mouhtaropoulos/Getty Images
റിയാദ്: ലോകകപ്പ് ആവേശത്തിനിടയിലും ക്ലബ് ഫുട്ബോളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതാകട്ടെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തല്ലിപ്പിരിഞ്ഞ ക്രിസ്റ്റിയാനോയുടെ അടുത്ത ലക്ഷ്യമെന്താകുമെന്നായിരുന്നു ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാലിപ്പോള്‍ ക്രിസ്റ്റ്യാനോ സൗദി ആറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നാസറിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷത്തെ കരാറില്‍ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് പോകുമെന്നാണ് വിവരം. രണ്ടുസീസണിലേക്കായി 400 മില്യണ്‍ യൂറോ (ഏതാണ്ട് 3454 കോടി രൂപ) ക്രിസ്റ്റ്യാനോയ്ക്കായി ചെലവിടും. ചരിത്രത്തിലെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകകളിലൊന്നാണിത്.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് റൊണാള്‍ഡോ സൗദിയിലേയ്ക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ നിലനില്‍ക്കെ കോച്ചിനെതിരെ പരസ്യനിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് താരത്തെ സ്വന്തമാക്കാന്‍ സൗദി ക്ലബ് വന്‍തുക വാഗ്ദാനം ചെയ്തത്. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളായ ചെല്‍സിയും ബയേണ്‍ മ്യൂണിക്കും ക്രിസ്റ്റ്യാനോയെ സമീപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ലോകകപ്പിനുശേഷം മാത്രമേ പുതിയ ടീം സംബന്ധിച്ച വിവരങ്ങള്‍ പറയൂവെന്നാണ് ക്രിസ്റ്റ്യാനോ നേരത്തെ അറിയിച്ചിരുന്നത്.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാകും ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിലെത്തുക. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. 10 കോടി യൂറോയുടെ പ്രാഥമിക കരാറും പരസ്യമുള്‍പ്പെടെ മറ്റു വരുമാനങ്ങളും അടങ്ങിയതാകും കരാര്‍. വിലകൂടിയ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയാണ് റൊണാള്‍ഡോ യൂറോപ്യന്‍ ലീഗുകള്‍ വിട്ട് സൗദിയിലേക്ക് ചേക്കേറുന്നത്. കരിയറില്‍ ഇതാദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബിലേയ്ക്ക് കൂടുമാറുന്നതും.
നാസിയൊനലില് തുടക്കം, പിന്നെ യുണൈറ്റഡ്, റയല്‍, യുവന്റസ്
സി.ഡി. നാസിയൊനലിലാണ് റൊണാള്‍ഡോ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹം രണ്ട് സീസണുകള്‍ക്ക് ശേഷം സ്പോര്‍ട്ടിങിലേക്ക് മാറി. റൊണാള്‍ഡോയുടെ കഴിവുകള്‍ ശ്രദ്ധിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ അലക്സ് ഫെര്ഗുസന് 2003-ല്‍ അദ്ദേഹത്തെ യുണൈറ്റഡിലെത്തിച്ചു. അന്ന് പതിനെട്ടുകാരനായ റൊണാള്‍ഡോയുമായി 19 മില്യണ്‍ യുറോയുടെ കരാറാണ് യുണൈറ്റഡ് ഒപ്പുവെച്ചത്. ആറ് വര്‍ഷം യുണൈറ്റഡില്‍ തുടര്‍ന്ന റൊണാള്‍ഡോ 2009-ലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലെത്തുന്നത്. 94 മില്യണ്‍ യൂറോയുടേതായിരുന്നു കരാര്‍.
റയല്‍ മാഡ്രിഡിന് വേണ്ടി ഒന്‍പത് വര്‍ഷത്തോളമാണ് റൊണാള്‍ഡോ ബൂട്ടുകെട്ടിയത്. 2018-ല്‍ റയലുമായുള്ള ബന്ധം ഉപേക്ഷിച്ച താരത്തിന്റെ അടുത്ത തട്ടകം ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസായിരുന്നു. 117 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ യുവന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. മൂന്ന് വര്‍ഷം യുവന്റ്സില്‍ തുടര്‍ന്ന 2021-ല്‍ താരം പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുകയായിരുന്നു. 17 മില്യണ്‍ യൂറോയുടെ കരാറിലാണ് യുണൈറ്റഡ് താരത്തെ ക്ലബ്ബിലെത്തിച്ചത്.
രണ്ട് വര്‍ഷത്തേക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍. എന്നാല്‍ പരിശീലകനുമായി പരസ്യ ഏറ്റുമുട്ടല്‍ നടത്തിയതിന് പിന്നാലെ, കരാര്‍ കാലാവധി ബാക്കിനില്‍ക്കെ നവംബര്‍ 22ന് ശേഷം ഏത് ടീമിലേക്കും മാറാവുന്ന ഫ്രീ ഏജന്റായി തുടരുകയായിരുന്നു. പരസ്പര ധാരണ പ്രകാരം യുണൈറ്റഡുമായി വഴിപിരിഞ്ഞതോടെയാണ് താരത്തിന് കൂടുമാറ്റം എളുപ്പമായത്.
മറനീക്കി അസ്വസ്ഥതകള്‍, പിന്നാലെ ടീം വിടുന്നു
ലോകകപ്പിന് തൊട്ടുമുമ്പാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ അതിരൂക്ഷമായ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന് നല്കിയ അഭിമുഖത്തിലാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനും പരിശീലകന് എറിക് ടെന്ഹാഗിനുമെതിരേ ക്രിസ്റ്റ്യാനോ ആരോപണങ്ങളുമായി രംഗത്തുവന്നത്. യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നെന്നാണ് ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ പറഞ്ഞത്.
ക്ലബ്ബിന്റെ ഉന്നതപദവിയില്‍ ഇരിക്കുന്നവരും പരിശീലകനും തന്നെ പുറത്താക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും കഴിഞ്ഞവര്‍ഷം മുതല്‍ ഇത്തരം നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പരിശീലകന് എറിക് ടെന്‍ ഹാഗിനോട് യാതൊരു ബഹുമാനവുമില്ല, കാരണം എറിക് തന്നെ ബഹുമാനിക്കുന്നില്ല. തന്നെ ബഹുമാനിക്കാത്തവരെ തിരിച്ചു ബഹുമാനിക്കേണ്ട കാര്യമില്ലെന്നും അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു.
2013-ല്‍ അലക്സ് ഫെര്ഗൂസന് പരിശീലകസ്ഥാനത്തുനിന്ന് പോയതിനുശേഷം ക്ലബ്ബിന് യാതൊരു പുരോഗതിയുമില്ല. ഒലെ ഗുണാര്‍ സോള്ഷേറെ പുറത്താക്കിയശേഷം സ്പോര്‍ട്ടിങ് ഡയറക്ടറായി പ്രവര്‍ത്തന പരിചയമുള്ള റാല്‍ഫ് റാഗ്നിക്കിനെ പരിശീലകനായി കൊണ്ടുവന്നു. തന്നെ മാത്രമല്ല ഫുട്ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്. മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോകാനൊരുങ്ങിയ താന്‍ യുണൈറ്റഡിലേക്കു വരുന്നത് അലക്സ് ഫെര്ഗൂസന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു.
ക്രിസ്റ്റ്യാനോയുടെ അഭിമുഖം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന താരവും പരിശീലകനും തമ്മിലുള്ള പ്രശ്നങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നതാണ്. ഇതോടെ മറനീക്കി പുറത്തെത്തിയ അസ്വസ്ഥത ടീം വിടുന്നതിലെത്തിച്ചു. പിന്നാലെ സൗദി ക്ലബ്ബുമായി കരാറിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Cristiano Ronaldo joins Al-Nassr, agrees 200 million euros deal, Reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..