ടൂറിന്‍: കളിക്കളത്തില്‍ മാത്രമല്ല, കായികക്ഷമതയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡോ. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ മിക്ക താരങ്ങളും ഏകദേശം കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ക്രിസ്റ്റ്യാനോ അതില്‍ നിന്നും വ്യത്യസ്തനാണ്. ലോകത്തെ മികച്ച നാലാമത്തെ കൈമാറ്റ തുക നല്‍കി പോര്‍ച്ചുഗീസ് താരത്തെ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് വാങ്ങിച്ചതും ഈ കായികക്ഷമത കണ്ടാണ്.

ശരീരം കൊണ്ട് ഇപ്പോഴും ചെറുപ്പമാണ് ക്രിസ്റ്റ്യാനോ. പോര്‍ച്ചുഗീസ് താരം ജനിച്ചിട്ട് 33 വര്‍ഷമായെങ്കിലും ശരീരത്തിന് പ്രായം ഇരുപതാണ്. ഇതു വെറുതെ പറയുന്നതല്ല, യുവന്റസിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തിയ വൈദ്യപരിശോധനയുടെ ഫലം അടിസ്ഥാനമാക്കിയുള്ളതാണ്. ടൂറിനില്‍ നടന്ന പരിശോധനയില്‍ ക്രിസ്റ്റ്യാനോയുടെ ശരീരം ഇരുപതുകാരന്റേതിന് തുല്ല്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റ്യാനോയുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, പേശികളുടെ വലിപ്പം, വേഗം എന്നിവ കണക്കിലെടുത്താണ് ഈ വൈദ്യസംഘം ഈ നിഗമനത്തിലെത്തിയത്.

ക്രിസ്റ്റ്യാനോയുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഏഴ് ശതമാനം മാത്രമാണ്. ഇതേ പ്രായത്തിലുള്ള മറ്റ് പ്രൊഫഷണല്‍ കളിക്കാരേക്കാള്‍ മൂന്ന് ശതമാനം കുറവ്. മാംസപേശികളുടെ ഭാരം മറ്റു താരങ്ങളേക്കാള്‍ നാല് ശതമാനമാണ് കൂടുതല്‍. അതായത് 50 ശതമാനമാണ് മാംസപേശികളുടെ ഭാരം. റഷ്യയില്‍ നടന്ന ലോകകപ്പില്‍ 33.98 കിലോമീറ്ററായിരുന്നു റൊണാള്‍ഡോയുടെ ശരാശരി വേഗം. ലോകകപ്പില്‍ കളിച്ച മറ്റേതൊരു താരത്തേക്കാളും വേഗത ക്രിസ്റ്റ്യാനോയ്ക്കുണ്ട്. 

ഒരു ഇരുപതുകാരന്റെ ശരീരത്തിന് താങ്ങാവുന്ന സമ്മര്‍ദ്ദം ഇപ്പോഴും റൊണാള്‍ഡോക്ക് താങ്ങാനാവുമെന്നും പരിശോധനാ ഫലം പറയുന്നു. പക്ഷേ ഈ പരിശോധനാഫലം ക്രിസ്റ്റ്യാനോയെ ഒട്ടും അദ്ഭുതപ്പെടുത്തുന്നില്ല. യുവന്റസിലെ അവതരണച്ചടങ്ങിനിടയില്‍ ക്രിസ്റ്റ്യാനോ തന്റെ നയം വ്യക്തമാക്കിയിരുന്നു. ''ഈ പ്രായത്തില്‍ കരിയര്‍ ഏറെക്കുറെ അവസാനിച്ചു എന്നു കരുതുന്ന താരങ്ങളെ പോലെയല്ല ഞാന്‍. വ്യത്യസ്തനാണെന്ന് എനിക്ക് കാണിച്ചുകൊടുക്കണം. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ ചൈനീസ് ലീഗിലേക്ക് പോകുന്ന താരങ്ങളെപ്പോലയല്ല ഞാന്‍' ഇതായിരുന്നു ക്രിസ്റ്റ്യാനോ അന്ന് പറഞ്ഞത്. 

റയലില്‍ നിന്ന് 845 കോടി രൂപയ്ക്ക് റൊണാള്‍ഡോയെ ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവെന്റസുമായി നാലു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയുടെ കരാര്‍. ഓരോ സീസണിലും 240 കോടി രൂപയാണ് പ്രതിഫലം. 

Content Highlights: Cristiano Ronaldo is 33 but has 20 year old body Juventus medical results