ദുബായ്: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. യൂറോക്കപ്പില്‍ പോര്‍ച്ചുഗലിനെ ചാമ്പ്യന്മാരാക്കിയ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് മികച്ച പരിശീലകനുള്ള പുരസ്‌കാരവും നേടി. മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ദുബായിയിൽ പുരസ്‌കാരദാന ചടങ്ങിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരിട്ട് പങ്കെടുക്കാനായില്ല.

ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺദ്യോർ പുരസ്കാരം പിന്നാലെയാണ് ക്രിസ്റ്റ്യാനൊ ഗ്ലോബ് പുരസ്‌കാരവും നേടിയത്. യൂറോക്കപ്പില്‍ പോര്‍ച്ചുഗലിനും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനൊന്നാം തവണയും കിരീടം നേടിക്കൊടുത്തതുമാണ് ക്രിസ്റ്റ്യാനോയെ തുണച്ചത്. ഈ വര്‍ഷം ക്രിസ്റ്റ്യാനൊ നേടുന്ന ഒമ്പതാമത്തെ പുരസ്‌കാരമാണിത്.

പുരസ്‌കാരം നേടിയതില്‍ സന്തോഷമുണ്ടെന്നും ടീമിനൊപ്പവും ഒറ്റയ്ക്കും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ക്രിസ്റ്റ്യാനൊ പറഞ്ഞു. അടുത്ത വര്‍ഷവും ഇതേ പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റ്യാനൊ വ്യക്തമാക്കി.