പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടിക പുറത്തു വിട്ടു. മുപ്പതംഗ പട്ടികയില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ, വെയ്ല്‍സ് താരം ഗരെത് ബെയ്ല്‍, അര്‍ജന്റീയുടെ സെര്‍ജിയോ അഗ്യൂറോ, ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ഇടം പിടിച്ചു.

പോര്‍ച്ചുഗലിനായി യൂറോ കപ്പും റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗും നേടിയ ക്രിസ്റ്റ്യാനൊ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മികച്ച കളിയാണ് കാഴ്ച്ച വെച്ചത്. 

ക്രിസ്റ്റ്യാനോക്ക് വെല്ലുവിളിയായി റയലിലെ സഹതാരം ഗരെത് ബെയ്‌ലും മത്സര രംഗത്തുണ്ട്. റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ ഭാഗമായ ബെയ്ല്‍ യൂറോ കപ്പില്‍ വെയ്ല്‍സിനെ സെമിഫൈനല്‍ വരെയെത്തിച്ചു. യൂറോ കപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിച്ച പ്രകടനമാണ് ഗ്രീസ്മാന് സാധ്യതാ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. 

ബാലണ്‍ദ്യോറിന്റെ സ്‌പോണ്‍സര്‍മാരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ 30 അംഗ പട്ടികയിലെ ആദ്യ പത്ത് പേരുടെ പേര് മാത്രമാണ് പുറത്തു വിട്ടത്. ബാക്കി 20 പേരുടെ പട്ടികയില്‍ ലയണല്‍ മെസ്സിയുണ്ടാകുമെന്നാണ് സൂചന.

ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രുയിന്‍, ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍, അര്‍ജന്റീനയുടെ യുവതാരം പൗലോ ദ്യബാല, ഉറുഗ്വായുടെ ഡീഗോ ഗോഡിന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

ഫ്രാന്‍സ് ഫുട്‌ബോളും അഞ്ചു വര്‍ഷത്തെ കരാറവസാനിപ്പിച്ച ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരമാണിത്. മാധ്യമപ്രവര്‍ത്തകരുടെ സമിതിയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാരും പരിശീലകരും ഇത്തവണത്തെ പുരസ്‌കാര സമിതിയിലുണ്ടാകില്ല. 

കഴിഞ്ഞ വര്‍ഷം അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കായിരുന്നു ബാലണ്‍ദ്യോര്‍ പുര്‌സ്‌കാരം ലഭിച്ചിരുന്നത്. മെസ്സിയുടെ കരിയറിലെ അഞ്ചാമത്തെ ലോകഫുട്‌ബോളര്‍ പട്ടമായിരുന്നു അത്.