മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയതിനു പിന്നാലെ ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍ക്ക് ആശംസകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

'ഞാന്‍ ആദ്യമായി ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുമ്പോള്‍ അദ്ദേഹം എന്റെ സ്ട്രൈക്കറായിരുന്നു, ഞാന്‍ മടങ്ങിയെത്തിയതു മുതല്‍ എന്റെ പരിശീലകനും. എന്നാല്‍ എല്ലാറ്റിലുമുപരി, ഓലെ ഒരു നല്ല മനുഷ്യനാണ്. ജീവിതം അദ്ദേഹത്തിനായി കരുതിവച്ചിരിക്കുന്ന എല്ലാത്തിലും ഞാന്‍ അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഭാഗ്യം നിന്നെ തുണയ്ക്കട്ടെ സുഹൃത്തേ!' - ക്രിസ്റ്റിയാനോ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം വാറ്റ്ഫോര്‍ഡിനെതിരേ വമ്പന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് യുണൈറ്റഡ് പരിശീലകനായിരുന്ന ഒലെയെ പുറത്താക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരതമ്യേന ദുര്‍ബലരായ വാറ്റ്ഫോര്‍ഡ് ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഈ സീസണില്‍ യുണൈറ്റഡിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ സോള്‍ഷ്യര്‍ക്ക് സാധിച്ചിരുന്നില്ല. സോള്‍ഷ്യര്‍ക്ക് പകരം സഹപരിശീലകനും മുന്‍ താരവുമായ മൈക്കിള്‍ കാരിക്കിനെ താത്കാലിക പരിശീലകനായി യുണൈറ്റഡ് നിയമിച്ചു. 

ഈ സീസണില്‍ സോള്‍ഷ്യര്‍ക്ക് കീഴില്‍ അതിദയനീയമായ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്. കഴിഞ്ഞ ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ അഞ്ചിലും ടീം തോറ്റു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങള്‍ മാത്രമുള്ള യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്.  മൂന്നുവര്‍ഷത്തേക്കാണ് സോള്‍ഷ്യറുടെ കരാറുള്ളത്. ഇത് റദ്ദാക്കി. സോള്‍ഷ്യര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ലിവര്‍പൂളിനോടും സിറ്റിയോടും ലെസ്റ്ററിനോടുമെല്ലാം അതിദയനീയമായാണ് യുണൈറ്റഡ് ഈ സീസണില്‍ പരാജയപ്പെട്ടത്.

Content Highlights: cristiano ronaldo emotions after ole gunnar solskjaer left manchester united