മാഡ്രിഡ്: അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് മുൻപുള്ള ദേശീയഗാനാലാപനം ഒരു പ്രത്യേക വികാരമാണ്. ദേശീയ ഗാനം ഏറ്റുചൊല്ലുന്ന ചില താരങ്ങൾ അവിസ്മരണീയ നിമിഷങ്ങളാണ് കാണികൾക്ക് സമ്മാനിക്കാറുള്ളത്. ക്ലബ് മത്സരങ്ങൾക്ക് ദേശീയ ഗാനാലാപനം പതിവില്ല. ക്ലബുകളുടെയോ ടൂർണമെന്റുകളുടെയോ ഗാനങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ, ദേശീയ ഗാനം ആലപിക്കുന്ന അതേ വൈകാരികതയോടെ ഒരു താരം ടൂർണമെന്റ് ഗാനം ആലപിച്ചാലോ.

റയൽ മാഡ്രിഡിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കളിയിലെ ട്രിക്കുകൾ കൊണ്ടെന്ന പോലെ തന്നെ ടൂർണമെന്റ് ഗാനം ആലപിച്ചു കൊണ്ടും ആരാധകരുടെ മനം കവർന്നത്.

ചൊവ്വാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടയിലായിരുന്നു എല്ലാവരുടെയും ഹൃദയം കീഴടക്കിയ ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി. മത്സരം തുടങ്ങുന്നതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് ഗാനത്തിനായി എല്ലാവരും അണിനിരന്നു. മറ്റെല്ലാ താരങ്ങളും പാട്ട് കേട്ട് നിന്നപ്പോള്‍ ദേശീയ ഗാനം കേട്ട പോലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. പാട്ടിനൊപ്പം ക്രിസ്റ്റ്യാനോയും മതിമറന്നു പാടി.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റാണ്. നിരവധി ആരാധകാരണ് ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതു പോലെ ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യന്‍സ് ലീഗിനോടും സ്‌നേഹമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

അതേസമയം പോര്‍ച്ചുഗീസ് താരത്തെ കളിയാക്കിയുള്ള ട്വീറ്റുകളുമുണ്ട്. ദേശീയ ഗാനമാണെന്ന് തെറ്റിദ്ധരിച്ചാണോ ക്രിസ്റ്റ്യാനോ പാടുന്നെതെന്നായിരുന്നു ഒരു ട്വീറ്റ്.