ടൂറിന്‍: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരേ 64-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തതോടെ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നടന്നുകയറിയത് ചരിത്രത്തിലേക്ക്.

വിവിധ ക്ലബ്ബുകള്‍ക്കും രാജ്യത്തിനുമായി റൊണാള്‍ഡോ നേടുന്ന 760-ാം ഗോളായിരുന്നു അത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് റോണോ സ്വന്തമാക്കി.

ഓസ്ട്രിയന്‍ - ചെക്കോസ്ലോവാക്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ജോസഫ് ബികാനന്റെ 759 കരിയര്‍ ഗോളുകളെന്ന റെക്കോഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറികടന്നത്.

അനൗദ്യോഗിക കണക്കനുസരിച്ച് ബികാനന്റെ പേരില്‍ 805 ഗോളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവയില്‍ പലതും അനൗദ്യോഗിക മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യപ്പെട്ടവയായിരുന്നു. ഫിഫയുടെ പക്കലുള്ള കണക്കനുസരിച്ച് 495 മത്സരങ്ങളില്‍ നിന്നായി 759 ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

പെലെയുടെ 757 ഗോളുകളെന്ന റെക്കോഡ് നേരത്തെ തന്നെ റൊണാള്‍ഡോ മറികടന്നിരുന്നു.

യുവന്റസിനായി 85, റയല്‍ മാഡ്രിഡിനായി 450, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി 118, പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 102, സ്‌പോര്‍ട്ടിങ് ലിബ്‌സണായി അഞ്ച് എന്നിങ്ങനെയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം.

നിലവില്‍ കളിക്കുന്നവരില്‍ ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത്. 719 ഗോളുകളാണ് മെസ്സിയുടെ നേട്ടം. 

അതേസമയം സൂപ്പര്‍ കപ്പ് ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നാപ്പോളിയെ മറികടന്ന യുവന്റസ് കിരീടവും സ്വന്തമാക്കി.

Content Highlights: Cristiano Ronaldo become greatest ever goal scorer