Photo: AFP
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബിലേക്കുള്ള കൂടുമാറ്റത്തിലൂടെ വമ്പന്‍ ചൂതാട്ടമാണ് നടത്തിയത്. ചരിത്രത്തിലെ റെക്കോഡ് തുകയ്ക്കാണ് കരാറൊപ്പിട്ടത്. 1771 കോടി രൂപയാണ് വാണിജ്യക്കരാറുകളടക്കം താരത്തിന് സൗദി ക്ലബ്ബായ അല്‍ നസ്ര് നല്‍കുന്നത്. ക്രിസ്റ്റ്യാനോയുടെ ഏഷ്യന്‍ ഫുട്ബോളിലേക്കുള്ള വരവ് വലിയ മാറ്റങ്ങളാകും കൊണ്ടുവരുന്നത്. അതിന്റെ സൂചനകള്‍ കരാര്പ്രഖ്യാപനം പുറത്തുവന്നതിനുപിന്നാലെതന്നെ ലഭിക്കുന്നുണ്ട്.
കുതിച്ചുയര്‍ന്ന് വിപണി മൂല്യം
ക്രിസ്റ്റ്യാനോ ടീമിലെത്തുന്നതുവരെ അല്‍ നസ്ര് ക്ലബ്ബിന്റെ വിപണിമൂല്യം ഏതാണ്ട് 400 കോടിയോളം രൂപയായിരുന്നു. എന്നാല്‍, പോര്‍ച്ചുഗല്‍ മുന്നേറ്റനിര താരം ടീമിലെത്തിയതോടെ മൂല്യം 630 കോടി രൂപയിലേക്കുയര്‍ന്നു.
ക്ലബ്ബ് കളിക്കുന്ന സൗദി പ്രോ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായും ക്രിസ്റ്റ്യാനോ മാറി. 160 കോടിയോളം രൂപയാണ് ക്രിസ്റ്റ്യാനോയുടെ വിപണി മൂല്യം.
പുതിയ ക്ലബ്ബിനെ ഏറ്റെടുത്ത് ആരാധകര്‍
ക്രിസ്റ്റ്യാനോയുടെ പുതിയ ക്ലബ്ബിനെ ആരാധകര്‍ ഏറ്റെടുത്തെന്ന സൂചനയാണ് സാമൂഹികമാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ക്ലബ്ബിനെ പിന്തുടരുന്നവരുടെ എണ്ണം 55 ലക്ഷമായി ഉയര്‍ന്നു. ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇത് എട്ട് ലക്ഷം മാത്രമായിരുന്നു.
ജേഴ്സി വാങ്ങാന്‍ ഇടി
ക്രിസ്റ്റ്യാനോയുടെ പേരും നമ്പറുമുള്ള ക്ലബ്ബ് ജേഴ്സി വാങ്ങാന്‍ ആരാധകരുടെ വന്‍തിരക്കാണ്. പരിമിതമായ ജേഴ്സി മാത്രമാണ് നിലവിലുള്ളത്. വന്‍തോതില്‍ ജേഴ്സി വിപണിയിലെത്തിക്കാനാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ തീരുമാനം. ഏഴാം നമ്പര്‍ ജേഴ്സിയാണ് ക്ലബ്ബ് അനുവദിച്ചിരിക്കുന്നത്
താരത്തെ കാത്ത് പോര്‍ച്ചുഗല്‍ ഇലവന്
അല്‍ നസ്ര് ക്ലബ്ബില്‍ മറ്റു പോര്‍ച്ചുഗല്‍ താരങ്ങളില്ല. എന്നാല്‍, പരിശീലകരും പരിശീലകസംഘത്തിലുമായി 11 പേര് പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.
ഫ്രഞ്ചുകാരനായ റുഡി ഗാര്‍ഷ്യയാണ് പരിശീലകന്. സഹപരിശീലകന്‍ അര്‍നാള്‍ഡോ ടെക്സീര, യൂത്ത് ടീം മുഖ്യപരിശീലകന്‍ ഹെല്‍ഡര്‍ ക്രിസ്റ്റോവാവോ, യൂത്ത് ടീമിന്റെ സഹപരിശീലകരായ ആന്ദ്രെ ഡി സോസ, ന്യൂനോ അല്‍വെസ് എന്നിവരും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കുപുറമെ, ഫിറ്റ്നസ് കോച്ചുമാര്‍, ഗോള്‍കീപ്പിങ് കോച്ച്, അഞ്ചംഗ മെഡിക്കല്‍ സംഘം എന്നിവരും പോര്‍ച്ചുഗലില്‍ നിന്നാണ്.
ജയിച്ച് ആഘോഷം
ക്രിസ്റ്റ്യാനോയുടെ വരവിനെ ജയത്തോടെ സ്വാഗതംചെയ്ത് അല്‍ നസ്ര് ടീം. പ്രോ ലീഗില്‍ ശനിയാഴ്ച നടന്ന കളിയില്‍ അല്‍ ഖലീജ് ടീമിനെ 1-0ത്തിന് തോല്‍പ്പിച്ചു. അഞ്ചാം മിനിറ്റില്‍ വിന്‍സെന്റ് അബൂബക്കറാണ് ഗോള്‍ നേടിയത്. 11 കളിയിലായി 26 പോയന്റായ ടീം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
Content Highlights: crstiano ronaldo, ronaldo, ronaldo new club, al nassr, al nassr football club, sports news, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..