റോം: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് താരങ്ങളും പരിശീലകന്‍ മൗറീസിയോ സാറിയും ശമ്പളം കുറയ്ക്കുന്നതിന് സമ്മതിച്ചു.
കോവിഡ്-19 മൂലം മത്സരങ്ങള്‍ മുടങ്ങിയതോടെ ക്ലബ്ബിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് താരങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചത്. മൂന്നിലൊന്ന് എന്ന തരത്തില്‍ നാലു മാസത്തേക്കാണ് ശമ്പളം കുറയ്ക്കുന്നത്.
ഇതോടെ 2019-20 സാമ്പത്തികവര്‍ഷം ക്ലബ്ബിന് 752 കോടിയോളം രൂപയുടെ (90 ദശലക്ഷം യൂറോ) വ്യത്യാസം മൊത്തം ശമ്പളത്തിലുണ്ടാകും. മാര്‍ച്ച് ഒമ്പതു മുതല്‍ സീരി എ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ക്ലബ്ബാണ് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുതന്നെ 300 കോടിയിലേറെ (31 ദശലക്ഷം യൂറോ) വാര്‍ഷികശമ്പളം നല്‍കണം. വെട്ടിക്കുറയ്ക്കുന്നതോടെ റോണോയുടെ ശമ്പളത്തില്‍ 30 കോടിയോളം രൂപയുടെ കുറവ് വരും.
കോവിഡ്-19 പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള ഫുട്‌ബോള്‍ ലീഗുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും അടക്കമുള്ള യൂറോപ്യന്‍ പോരാട്ടങ്ങളും നിര്‍ത്തി. ഇതോടെ ക്ലബ്ബുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്.
കോവിഡ്-19 രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറ്റലി.
അതേസമയം ജൂണ്‍ അവസാനത്തോടെയെങ്കിലും മത്സരങ്ങള്‍ പുനഃരാരംഭിക്കാനായില്ലെങ്കില്‍ ഈ ഫുട്ബോള്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി (യുവേഫ) തലവന്‍ അലക്സാണ്ടര്‍ സെഫെറിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: Cristiano Ronaldo and Juventus players agree temporary pay cut due to Covid-19 pandemic