'എന്നെ ചതിച്ചു' മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെതിരേ ഗുരുതര ആരോപണവുമായി റൊണാള്‍ഡോ


Photo: AFP

ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിനെതിരേ ശബ്ദമുയര്‍ത്തി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചുവെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിനിടെയാണ് റൊണാള്‍ഡോ യുണൈറ്റഡിനെയും പരിശീലകനെതിരേയും ശബ്ദമുയര്‍ത്തിയത്. ഇന്റര്‍വ്യൂ ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

എറിക് ടെന്‍ ഹാഗ് ഉള്‍പ്പെടെയുള്ള യുണൈറ്റഡിലെ ചില ഉന്നത പദവിയിലിരിക്കുന്നവര്‍ തന്നെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാനായി നിരന്തരം ശ്രമിക്കുകയാണെന്ന് റൊണാള്‍ഡോ ആരോപിച്ചു.

' എനിക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എനിക്ക് ബഹുമാനം നല്‍കുന്നല്ല. എന്നെ ബഹുമാനിക്കാത്ത ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല. മാനേജര്‍ മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ ചതിക്കപ്പെട്ടു. അത് ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങള്‍ സത്യം തിരിച്ചറിയണം.' - റൊണാള്‍ഡോ തുറന്നടിച്ചു.

ഇതിഹാസ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് ക്ലബ്ബിലേക്ക് വന്നതെന്നും ഇപ്പോള്‍ യുണൈറ്റഡ് അധികൃതര്‍ തനിക്കെതിരെയാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ' കഴിഞ്ഞ സീസണില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്നോട് മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു. ഞാനത് കേട്ടു. സര്‍ അലക്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം യുണൈറ്റഡിന് ഒരു പുരോഗമനവും ഉണ്ടായിട്ടില്ല. ക്ലബ്ബ് ശരിയായ വഴിയ്ക്കല്ല പോകുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം'- റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോയും പരിശീലകന്‍ എറിക് ടെന്‍ ഹാഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിനോടകം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കുംമുന്‍പ് ഗ്രൗണ്ട് വിട്ടിരുന്നു. ഇത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. ഇക്കാരണത്താല്‍ എറിക് ടെന്‍ ഹാഗ് റൊണാള്‍ഡോയെ അടുത്ത മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു.

യുണൈറ്റഡ് ജഴ്‌സിയില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന റൊണാള്‍ഡോ പലപ്പോഴും പകരക്കാരുടെ റോളിലാണ് കളിക്കാനിറങ്ങുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ യുണൈറ്റഡ് വിടാനായി താരം പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പക്ഷേ റൊണാള്‍ഡോ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് എറിക് ടെന്‍ ഹാഗ് പറയുന്നത്. 2021-ലാണ് റൊണാള്‍ഡോ യുവന്റസില്‍ നിന്ന് യുണൈറ്റഡിലെത്തിയത്.

Content Highlights: cristiano ronaldo, manchester united, erik ten hag, ronaldo against manchester united, cr7 vs eth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented