ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ എട്ടോടെ പുനരാരംഭിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇതിനായി 'പ്രോജക്ട് റീസ്റ്റാര്‍ട്ട്' എന്ന് പേരിട്ടിരിക്കുന്ന ഒരു പദ്ധതിയും പ്രീമിയര്‍ ലീഗ് അധികൃതര്‍ തയ്യാറാക്കിയതായി ബ്രിട്ടീഷ് മാധ്യമം 'ദ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് മാര്‍ച്ച് 13-നാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ജൂണ്‍ എട്ടിന് മത്സരങ്ങള്‍ പുനരാരംഭിച്ച് ജൂലായ് 27-ന് ലീഗ് അവസാനിക്കുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. ശേഷിക്കുന്ന 92 മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുക എന്നതാണ് പ്രോജക്ട് റീസ്റ്റാര്‍ട്ടിലെ പ്രധാന നിര്‍ദേശം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരമാവധി 400 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവര്‍ക്കെല്ലാം കോവിഡ് പരിശോധനകള്‍ക്ക് ശേഷമാകും പ്രവേശനം അനുവദിക്കുക. കളിക്കാര്‍, പരിശീലകര്‍, ടെക്‌നിക്കല്‍ സ്റ്റാഫ്, മറ്റ് ഒഫീഷ്യലുകള്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്.

ജൂലായ് 27-ന് മത്സരങ്ങള്‍ അവസാനിപ്പിച്ച് ഓഗസ്റ്റില്‍ പുതിയ സീസണ്‍ തുടങ്ങാനും നിര്‍ദേശമുണ്ട്. മേയ് പകുതിയോടെ കളിക്കാര്‍ക്ക് പരിശീലനത്തിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: covid 19 The Premier League is eyeing a resumption of the season in June