Image Courtesy: Twitter
മാഡ്രിഡ്: ഇറ്റലിക്കു ശേഷം കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച സ്‌പെയിനിന് സഹായഹസ്തവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും.
സ്‌പെയിനിലെ ആശുപത്രികള്‍ക്ക് ഒരു മില്ല്യന്‍ യൂറോ (ഏകദേശം എട്ടുകോടിയിലേറെ രൂപ) വീതമാണ് ഇരുവരും സഹായമായി നല്‍കുന്നത്.
ചൊവ്വാഴ്ച സ്പാനിഷ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 40,000 ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 3,000 ത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബാഴ്‌സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്കിനും സ്വദേശമായ അര്‍ജന്റീനയിലെ റൊസാരിയോയിലെ ആശുപത്രിക്കുമാണ് മെസ്സി സാമ്പത്തിക സഹായം നല്‍കുന്നത്. ഒരു മില്ല്യന്‍ യൂറോയോളം വരുന്ന തുകയാണിതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സിക്ക് നന്ദിയറിയിച്ച് ഹോസ്പിറ്റല്‍ ക്ലിനിക്ക് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കാറ്റലോണിയ പ്രദേശത്തെ ആശുപത്രികള്‍ക്കാണ് ഗ്വാര്‍ഡിയോള സഹായം നല്‍കുന്നത്. സ്‌പെയിനിലെ വടക്കുകിഴക്കന്‍ പ്രദേശമായ ഇവിടെ 8,000 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇരുന്നൂറോളം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം ബാഴ്‌സലോണ മെഡിക്കല്‍ കോളേജും ഏയ്ഞ്ചല്‍ സോളെര്‍ ഡാനിയല്‍ ഫൗണ്ടേഷനും ചേര്‍ന്നുള്ള കോവിഡ് ക്യാമ്പെയ്‌നിനും ഗ്വാര്‍ഡിയോള സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഗ്വാര്‍ഡിയോള സംഭാവന നല്‍കിയതായി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡെസും പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് 1.08 മില്ല്യണ്‍ ഡോളര്‍ (ഏകദേശം എട്ടുകോടിയോളം രൂപ) വിലയുള്ള ഉപകരണങ്ങള്‍ നല്‍കിയിരുന്നു.
Content Highlights: coronavirus Lionel Messi and Pep Guardiola made donations to help health care systems
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..