മാഡ്രിഡ്‌: സ്പാനിഷ് കിങ്‌സ് കപ്പ് ഫൈനലില്‍ ബാഴ്‌സലോണ-ഡീപോര്‍ട്ടീവോ അലാവെസ് ഫൈനല്‍. രണ്ടാം പാദ സെമിയില്‍ സെല്‍റ്റാ വിഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അലാവെസ് 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കിങ്‌സ് കപ്പ് ഫൈനലിലെത്തിയത്. ആദ്യ പാദത്തില്‍ സെല്‍റ്റാ വിഗോയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ അലാവെസ് 82ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ എഡ്ഗര്‍ മെന്‍സെസ് നേടിയ ഗോളിലാണ് ചരിത്ര വിജയം നേടിയത്. 

മെയ് 27ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയാണ് അലാവെസിന്റെ എതിരാളികള്‍. അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തിയ ബാഴ്‌സ ട്രിപ്പിള്‍ കിരീടം ലക്ഷ്യമിട്ടാകും ഫൈനല്‍ കളിക്കുക.

ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന ലാ ലിഗ മത്സരത്തില്‍ ബാഴ്‌സയെ 2-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഫൈനലിനിറങ്ങുക എന്ന് അലാവെസ് ക്യാപ്റ്റന്‍ മാനു ഗാര്‍ഷ്യ പറഞ്ഞു. 2001ല്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കളിച്ചതിന് ശേഷം ആദ്യമായാണ് അലാവെസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. അന്ന് ലിവര്‍പൂളിനോട് 5-4ന് അലാവെസ് പരാജയപ്പെട്ടിരുന്നു. 

1921ല്‍ രൂപം കൊണ്ട അലാവെസ് പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലാ ലിഗയുടെ ഒന്നാം നിരയിലേക്ക് തിരിച്ചെത്തിയത്. മൂന്നാം നിരയില്‍ വരെ കളിച്ചിട്ടുള്ള അലാവെസിനെ സംബന്ധിച്ച് ഇത് സ്വപ്‌നതുല്ല്യമായ നേട്ടമാണ്.