മെസ്റ്റല്ല: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ബാഴ്‌സക്കായി കുട്ടിഞ്ഞോയും റാക്കിറ്റിച്ചുമാണ് ലക്ഷ്യം കണ്ടത്. ഏപ്രില്‍ ഒന്നിന് നടക്കുന്ന ഫൈനലില്‍ സെവിയ്യയുമായി ബാഴ്‌സ ഏറ്റുമുട്ടും.

ആദ്യ പാദത്തില്‍ നൗ കാമ്പില്‍ ഏകപക്ഷീമായ ഒരു ഗോളിന് ബാഴ്‌സ വലന്‍സിയയെ തോല്‍പിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മൂന്നു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ രണ്ടു ഗോളുകളും വന്നത്.

49-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ പാസില്‍ നിന്ന് കുട്ടിഞ്ഞോ ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. ബാഴ്‌സയുടെ ജഴ്‌സിയില്‍ കുട്ടിഞ്ഞോയുടെ ആദ്യ ഗോളായിരുന്നു അത്. മത്സരം അവസാനിക്കാന്‍ എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റാക്കിറ്റിച്ച് ബാഴ്‌സയുടെ ലീഡുയര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബാഴ്‌സ കോപ്പ ഡെല്‍റേ ഫൈനലിലെത്തുന്നത്. 

Content Highlights: Copa Del Rey Barcelona vs Valencia