ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ രണ്ടാഴ്ച്ച മാത്രം ശേഷിക്കെ വേദി മാറ്റി സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ അർജന്റീനയിൽ നിന്ന് വേദി മാറ്റുകയാണെന്ന് ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.

ഇതോടെ ജൂൺ 13-ന് തുടങ്ങേണ്ട ടൂർണമെന്റ് പ്രതിസന്ധിയിലായി. അർജന്റീനയ്ക്ക് പകരം വേദി ഏതാകുമെന്ന ചർച്ച ആരംഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഇന്നു തന്നെയുണ്ടായേക്കും. അമേരിക്ക, ചിലി, പരാഗ്വെ എന്നീ രാജ്യങ്ങളെയാണ് ആതിഥേയരായി പരിഗണിക്കുന്നത്.

പത്ത് സൗത്ത് അമേരിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനയിലും കൊളംബിയയിലുമായി നടത്താനായിരുന്നു തീരുമാനം. ആഭ്യന്തര കലാപത്തെ തുടർന്ന് കൊളംബിയ നേരത്തെ തന്നെ ടൂർണമെന്റ് നടത്തുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിന് പിന്നാലെയാണ് അർജന്റീനയും ഒഴിവായത്.

ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അർജന്റീനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

Content Highlights: Copa America Football In Argentina Suspended