Photo: twitter.com/FabrizioRomano
ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചപ്പോള്‍ കോളടിച്ചത് അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എന്‍സോ ഫെര്‍ണാണ്ടസിന്. ബെന്‍ഫിക്കയില്‍ നിന്ന് എന്‍സോയെ റെക്കോഡ് തുകയ്ക്ക് ചെല്‍സി സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി എന്‍സോ മാറി.
107 മില്യണ്‍ യൂറോ മുടക്കിയാണ് (ഏകദേശം 949 കോടി രൂപ) ചെല്‍സി ബെന്‍ഫിക്കയില്‍ നിന്ന് എന്‍സോയെ റാഞ്ചിയത്. ഇതോടെ പ്രീമിയര്‍ ലീഗിലെ വിലയേറിയ താരം എന്ന റെക്കോഡ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജാക്ക് ഗ്രീലിഷിന് നഷ്ടമായി. 2021-ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്കാണ് ഗ്രീലിഷിനെ സിറ്റി ആസ്റ്റണ്‍ വില്ലയില്‍ നിന്ന് സ്വന്തമാക്കിയത്. 2031 വരെയാണ് എന്‍സോയുടെ കരാര്‍.
ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിരതാരം മാഴ്‌സല്‍ സാബിസ്റ്ററെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ലോണ്‍ അടിസ്ഥാനത്തിലാണ് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്നത്. മധ്യനിരതാരമായ സാബിസ്റ്റര്‍ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണ് പകരം ടീമില്‍ കളിക്കും. പരിക്കേറ്റ എറിക്‌സണ്‍ മൂന്ന് മാസത്തെ വിശ്രമത്തിലാണ്. ഏകദേശം 120 കോടി രൂപയാണ് സാബിസ്റ്ററിനായി യുണൈറ്റഡ് മുടക്കിയത്.
ചെല്‍സി മധ്യനിരതാരം ജോര്‍ജീന്യോയെ ആഴ്‌സനല്‍ സ്വന്തമാക്കി. 120 കോടി രൂപയ്ക്കാണ് ഇറ്റാലിയന്‍ താരത്തെ ഗണ്ണേഴ്സ് സ്വന്തമാക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് ആഴ്സനലുമായി ജോര്‍ജീന്യോ കരാറിലെത്തിയിരിക്കുന്നത്. ചെല്‍സിയുമായി ആറുമാസത്തെ കരാറാണ് ബാക്കിയുണ്ടായിരുന്നത്. 2018-ല്‍ ചെല്‍സിയിലെത്തിയ താരം 213 മത്സരം കളിച്ചു. 29 ഗോളും നേടി. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി. ഇറ്റലിക്കായി 46 മത്സരം കളിച്ചു. 2020-ല്‍ യൂറോകപ്പില്‍ ജയിച്ച ടീമില്‍ അംഗമായിരുന്നു.
ചെല്‍സിയുടെ മുന്നേറ്റ താരമായ മൊറോക്കോയുടെ ഹക്കിം സിയെച്ചിനെ പി.എസ്.ജി ലോണ്‍ അടിസ്ഥാനത്തില്‍ സ്വന്തമാക്കി. പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍താരം കെയ്‌ലര്‍ നവാസ് നോട്ടിങ്ങാം ഫോറസ്റ്റിലേക്ക് വായ്പാ അടിസ്ഥാനത്തിലെത്തി.
ചെല്‍സിയാണ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം താരങ്ങളെ സ്വന്തമാക്കിയത്. ഒന്‍പത് താരങ്ങളാണ് ചെല്‍സിയിലെത്തിയത്. എന്‍സോ ഫെര്‍ണാണ്ടസ്, മൈഖയലോ മുഡ്രിക്ക്, ബെനോയ്റ്റ് ബാദിയാഷിലെ, നോനി മണ്ടുവെക്കെ, മാലോ ഗസ്‌റ്റോ, ആന്ദ്രെ സാന്റോസ്, ഡേവിഡ് ഫൊഫാന, ജാവോ ഫെലിക്‌സ്, ഗബ്രിയേല്‍ സ്ലൊനിന എന്നിവര്‍ ടീമിന്റെ ഭാഗമായി.
Content Highlights: club football january transfer window enzo fernandez to chelsea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..