ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധക സംഘത്തിന്റെ ആരവത്തിന് സാക്ഷിയാവാന്‍ ഇനി മലയാളികളുടെ സ്വന്തം സി.കെ വിനീത് ഉണ്ടാവില്ല. ഐ.എസ്.എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തിയതോടെ  ബെംഗളൂരു എഫ്.സിയുടെ നീലക്കുപ്പായം വിനീത് അഴിച്ചുവെക്കുകയാണ്.

മൂന്നര വര്‍ഷം നിഴലായി കൂടെനിന്ന, കരിയറിലെ നിര്‍ണായക നിമിഷങ്ങളില്‍ തണലായ ബെംഗളൂരു എഫ്.സിയോട് വികാരനിര്‍ഭരമായ കുറിപ്പോടെയാണ് വിനീത് വിടപറഞ്ഞത്.  തന്റെ ട്വിറ്റര്‍ പേജില്‍ എഴുതിയ യാത്രാക്കുറിപ്പില്‍ വിനീത് ഇങ്ങനെ എഴുതുന്നു.

''ജീവിതത്തില്‍ പലപ്പോഴും യാത്ര പറഞ്ഞ് എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ബെംഗളൂരു, നിന്നെ എനിക്ക് എത്രമാത്രം മിസ്സ് ചെയ്യുമെന്നോ. ആ നീലക്കുപ്പായവും ആരാധകരും അവരുടെ പാട്ടും ആരവവും എനിക്ക് മിസ്സ് ചെയ്യും. എല്ലാം എനിക്ക് മിസ്സ് ചെയ്യും. മൂന്നര വര്‍ഷം ബെംഗളൂരു എഫ്.സിയുടെ ആ നീലക്കുപ്പായം അണിയാന്‍ കഴിഞ്ഞത് ബഹുമതിയായാണ് കാണുന്നത്. ഒരുമിച്ച് ഒരുപാട് ഓര്‍മ്മകള്‍ നമ്മളുണ്ടാക്കി, നമ്മള്‍ ആഘോഷിച്ചു, നമ്മള്‍ കരഞ്ഞു, നമുക്ക് കിരീടങ്ങള്‍ നഷ്ടപ്പെട്ടു, നഷ്ടപ്പെട്ട കിരീടങ്ങള്‍ തിരിച്ചുപിടിച്ചു. നമ്മള്‍ ഇതെല്ലാം ഒരൊറ്റ മനസ്സുമായി ചെയ്തു.

ഇനി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധക സംഘത്തോട്, നിങ്ങള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്നോ...നിങ്ങള്‍ പ്രത്യേകതയുള്ളവരാണ്. ഗോളടിച്ച ശേഷം നിങ്ങളുടെ അരികിലേക്ക് ഓടിയെത്തുന്നത് ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്തതാണ്. ബെംഗളൂരു എഫ്.സിയെന്ന ക്ലബ്ബ് നിങ്ങളോട് എന്നും കടപ്പെട്ടവരും ടീം നേടുന്ന ഓരോ ട്രോഫിയും നിങ്ങളുടേത് കൂടിയാകും. ജഴ്‌സിയിലെ ആ ബാഡ്ജില്‍ ഓരോ നിമിഷവും ചുംബിക്കുമ്പോഴും അതു തന്നെയാണ് ഞാന്‍ അര്‍ത്ഥമാക്കിയിരുന്നത്. ഗാലറില്‍ നിന്നുള്ള നിങ്ങളുടെ ആരവം ചെവിയിലെത്തുമ്പോള്‍ അതും കേട്ട് ആ ഗ്രൗണ്ടില്‍ കളിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. 

ഇനി ബെംഗളൂരു എഫ്.സിയെന്ന ക്ലബ്ബിനോട്... നിങ്ങളുടെ വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടായിരുന്നു. ഗോവയിലെയും കട്ടക്കിലെയും ബെംഗളൂരുവിലെയും ഡ്രസ്സിങ് റൂമുകള്‍. ദോഹയില്‍ എ.എഫ്.സി കപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ പൊടിഞ്ഞ കണ്ണുനീര്‍, മെയ് 2015ലെ മഴ പെയ്ത ആ രാത്രിയില്‍ ടച്ച്‌ലൈനില്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ (ഐ-ലീഗില്‍ ബഗാനോട് തോറ്റപ്പോള്‍). ബെംഗളൂരു എഫ്.സിയോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. ഞാന്‍ എന്നും ബെംഗളൂരു എഫ്.സിയോട് നന്ദിയുള്ളവനായിരിക്കും. ഞാന്‍ എവിടെപ്പോയാലും എന്റെ ഹൃദയത്തില്‍ ഒട്ടും മങ്ങലേല്‍ക്കാതെ ആ നീലനിറമുണ്ടാകും.

എല്ലാത്തിനും എല്ലാവരോടും നന്ദി
വിനീത്''