സൂപ്പർതാരങ്ങളുടെ നിഴലിൽ നിന്ന് ഇനി സിറോ ഇമ്മൊബിലെയ്ക്ക് വഴിമാറി നടക്കാം. കഴിഞ്ഞ നാല് സീസണുകളിലായി ഇറ്റാലിയൻ സീരി എയിൽ മുറതെറ്റാതെ ഗോളടിക്കുന്നുണ്ടെങ്കിലും ലാസിയോ താരത്തിനുമേൽ പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒരിക്കലും വീണിരുന്നില്ല.

യൂറോപ്പിലെ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ടിനരികിലെത്തുമ്പോൾ ഫുട്ബോൾ ലോകത്തിന് മുന്നിൽ ഇമ്മൊബിലെയ്ക്ക് ഫുൾ റേഞ്ചാണ്.

ഗോളടി വീരന്മാരായ ബാഴ്ലോണയുടെ ലയണൽ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ കളിക്കുന്ന കാലത്ത് യൂറോപ്പിലെ ഗോൾവേട്ടക്കാരനാകുന്നെന്നതിലാണ് ഇറ്റാലിയൻ താരത്തിന്റെ പ്രസക്തി.

സീരി എയിൽ 36 കളിയിൽ 35 ഗോൾ നേടിയാണ് ഗോൾഡൻ ബൂട്ട് ഉറപ്പാക്കിയത്. 34 ഗോൾ നേടിയ ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോവ്സ്കിയെ പിന്നിലാക്കി. ക്രിസ്റ്റ്യാനോ 31 ഗോളുമായി മൂന്നാം സ്ഥാനത്താണ്. ഇമ്മൊബിലെയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും ഒരു കളി ബാക്കിയുണ്ട്.

സീരി എയിൽ 3086 മിനിറ്റ് ലാസിയോക്കായി കളത്തിൽ ചെലവിട്ട താരം 24 മത്സരങ്ങളിൽ ഗോളും നേടി. എട്ട് അസിസ്റ്റും സ്വന്തമായുണ്ട്. ഇനി ഒരു ഗോൾകൂടി നേടിയാൽ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാകാം. 2015-16 സീസണിൽ യുവന്റസിനായി 36 ഗോൾ നേടിയ ഗോൺസാലോ ഹിഗ്വയ്ന്റെ പേരിലാണ് നിലവിലെ റെക്കോഡ്.

യുവന്റസ്, ജെനോവ, ടോറീനോ, ബൊറൂസ്സിയ ഡോർട്ട്മുൺഡ്, സെവിയ്യ ക്ലബ്ബുകളിലൂടെയാണ് ഇമ്മൊബിലെ 2016-17 സീസണിൽ ലാസിയോയിലെത്തുന്നത്. നാല് സീസണുകളിലായി സീരി എയിൽ 102 ഗോൾ. ക്ലബ്ബിനായി 177 കളിയിൽ 124 ഗോൾ. സൂപ്പർ കോപ്പ ഇറ്റാലിയ, കോപ്പ ഇറ്റാലിയ വിജയങ്ങളും ടീമിനൊപ്പമുണ്ട്.

Content Highlights: Ciro Immobile assured of winning the European Golden Shoe