Photo: Getty Images
ഫുട്ബോള്‍ ദൈവത്തിന്റെ കാലുകള്‍ ഒരു പെണ്ണിനു കിട്ടിയാലോ...? ആ കളിക്കാരി ഒരു കളിയും പാഴാക്കില്ല, അവര്‍ ആ പന്തിന്റെ മാന്ത്രികതയാവും, ഗോള്‍മഴ പെയ്യിക്കും. അങ്ങനെയൊരാളുണ്ട് ഫുട്ബോള്‍ ലോകത്ത് -ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും വര്‍ത്തമാനകാലത്തും പെലെയും മാറഡോണയും ഭൂതകാലത്തും വിരാജിച്ച അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്‌കോറര്‍. പുരുഷ-വനിത ഫുട്ബോളുകളിലെ ഗോള്‍വേട്ടക്കാരി. കാനഡ വനിതാ ടീമിനായി 322 കളികളില്‍നിന്നായി 190 ഗോളുകളാണ് സിന്‍ക്ലയര്‍ നേടിയത്. ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി 118 ഗോളും മെസ്സി അര്‍ജന്റീനയ്ക്കായി 98 ഗോളുമാണ് അടിച്ചതെന്നോര്‍ക്കണം.
സിന്‍ക്ലയറുടെ കഥ തുടങ്ങുന്നത് ഫുട്ബോള്‍ കളിക്കാരായ അമ്മാവന്മാരുടെ അടുത്തുനിന്നാണ്. അവരോടൊപ്പം വളര്‍ന്ന കുട്ടിക്കാലത്താണ് ഭാവിയില്‍ താന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത്. ഫുട്ബോള്‍ എന്ന മാന്ത്രികലോകത്തിലേക്കുള്ള കടന്നുവരവ് വണ്ടര്‍ലാന്‍ഡിലെ ആലീസിന്റെ കഥപോലെയാണ്. പ്ലെയിങ് ദി ലോങ് ഗെയിം എന്ന ഓര്‍മക്കുറിപ്പുകളില്‍ കാനഡ താരം കടന്നുവന്ന വഴികള്‍ കൃത്യമായി വിവരിക്കുന്നുണ്ട്. കഠിനമായ ഭൂതകാലമുള്ളതുകൊണ്ടാകും കളിക്കളത്തിനകത്തും പുറത്തും സിന്‍ക്ലയര്‍ കരുത്തയായത്. 40-ാം വയസ്സിലും കളിതുടരുന്നതിനെതിരേ ഉയരുന്ന മുറുമുറുപ്പുകളെ ലാഘവത്തോടെ തള്ളിക്കളയാന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്.
കളിക്കളത്തില്‍ ഗോളടിച്ചുകൂട്ടിയ വീറോടെ കളിക്കളത്തിന് പുറത്തും പോരാടിയ കനേഡിയന്‍ ക്യാപ്റ്റനെയും ഫുട്ബോള്‍ലോകം കണ്ടിട്ടുണ്ട്. വനിതാ ഫുട്ബോള്‍ കളിക്കാരോടുള്ള ഫെഡറേഷന്റെ അസമത്വത്തിനെതിരേയാണ് സിന്‍ക്ലയറും സഹതാരങ്ങളും കളത്തിലിറങ്ങിയത്. തുല്യവേതനമെന്നതായിരുന്നു പ്രധാന ആവശ്യം. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഏറെ ശ്രദ്ധനേടി.
2021-ല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ട സിന്‍ക്ലയര്‍ മികച്ച വനിതാ അത്ലറ്റിനു നല്‍കുന്ന ബോബീസ് റോസന്‍ഫെഡ് അവാര്‍ഡ് രണ്ടുതവണ നേടിയിട്ടുണ്ട്. 14 തവണ കനേഡിയന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി. പ്രായം തളര്‍ത്താത്ത പോരാളിക്കുമുന്നില്‍ ഇനി 2023-ലെ ലോകകപ്പും 2024 ഒളിമ്പിക്സുമുണ്ട്. ലക്ഷ്യങ്ങള്‍ വിദൂരമല്ല, ഒരു ഗോള്‍പോസ്റ്റോളം ദൂരമേയുള്ളൂ അവിടേക്ക്.
Content Highlights: Christine Sinclair international football top scorer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..