മൊണാക്കോ: യൂറോപ്പിലെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോള്‍ താരമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. അന്തിമ പട്ടികയിലുണ്ടായിരുന്ന റയല്‍ മാഡ്രിഡ് ടീമംഗം വെയില്‍സിന്റെ ഗാരെത് ബെയ്ല്‍, സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് പോര്‍ച്ചുഗലുകാരനായ ക്രിസ്റ്റ്യാനോ യൂറോപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. യുവേഫയിലെ 55 അംഗരാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ തിരഞ്ഞെടുക്കുക.

ക്രിസ്റ്റ്യാനോയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. റയലിനൊപ്പം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു ആദ്യത്തേത്. തൊട്ടു പിന്നാലെ പോര്‍ച്ചുഗലിനെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയതിന്റെ ക്രെഡിറ്റും ലഭിച്ചു. യൂറോയില്‍ പോര്‍ച്ചുഗലിന്റെ നായകനായിരുന്നു മുപ്പത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനൊ.

കഴിഞ്ഞ സീസണില്‍ 48 കളികളില്‍ നിന്ന് 51 ഗോളുകള്‍ നേടി. സ്പാനിഷ് ലീഗില്‍ മാത്രം 36 കളികളില്‍ നിന്ന് 35 ഗോളുകള്‍. പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടി ഒമ്പത് ഗോളും സ്വന്തമാക്കി.


മികച്ച ഗോള്‍ മെസ്സിയുടേത്

 കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീനാതാരം ലയണല്‍ മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ എ. എസ്. റോമയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ ഗോളാണ് സൂപ്പര്‍താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.