മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ചെല്‍സിയും റയല്‍ മഡ്രിഡും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 

റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്. മാഡ്രിഡില്‍ ഗോള്‍ നേടാനായതോടെ എവേ ഗോളിന്റെ ആനുകൂല്യം ചെല്‍സിയ്ക്ക് ലഭിക്കും. 

മത്സരത്തിലെ രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് വീണത്. 14-ാം മിനിറ്റിൽ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ചെല്‍സി മുന്നിലെത്തി. പുലിസിച്ചിന്റെ വലതുകാലുകൊണ്ടുള്ള ഷോട്ട് ഗോള്‍കീപ്പര്‍ കുര്‍ടോയ്‌സിനെ മറികടന്ന് വലയിലെത്തി. ഇതോടെ ചെല്‍സി 1-0 ന് മുന്നിലെത്തി.

എന്നാല്‍ ചെല്‍സിയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 29-ാം മിനിറ്റിൽ സ്‌കോര്‍ ചെയ്ത് സൂപ്പര്‍താരം കരിം ബെന്‍സേമ റയലിന് സമനില ഗോള്‍ സമ്മാനിച്ചു. കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. മിലിറ്റാവോയുടെ പാസ് ചെസ്റ്റില്‍ സ്വീകരിച്ച ബെന്‍സേമ തകര്‍പ്പന്‍ വോളിയിലൂടെ പന്ത് വലയ്ക്കകത്താക്കി. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. 

രണ്ടാം പാദ സെമി ഫൈനല്‍ മത്സരം മേയ് അഞ്ചിന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെച്ച് നടക്കും. മേയ് 29 ന് ഈസ്താംബുളില്‍ വെച്ചാണ് ഫൈനല്‍ നടക്കുക.

Content Highlights: Christian Pulisic scores crucial away goal as Chelsea draw with Real Madrid in Champions League semi-final