Photo: twitter.com/FabrizioRomano
മാഞ്ചെസ്റ്റര്‍: ഡെന്മാര്ക്കിന്റെ പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്സണെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ബ്രെന്റ്ഫോര്‍ഡില്‍ നിന്നാണ് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കുന്നത്. മൂന്നുവര്‍ഷത്തെ കരാറിലാണ് എറിക്സണ് യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടുന്നത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ ഉടന്‍ തന്നെ ഈ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫുട്ബോള്‍ കറസ്പോണ്ടന്റായ ഡേവിഡ് ഓണ്സ്റ്റെയ്നാണ് ഈ വാര്‍ത്ത് പുറത്തുവിട്ടത്.. എത്ര തുകയ്ക്കാണ് കരാര്‍ എന്നത് വ്യക്തമല്ല.
പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എറിക്സണ്. നേരത്തേ ഡച്ച് യുവപ്രതിരോധതാരം ടൈറെല്‍ മലാസിയയെ യുണൈറ്റഡ് തട്ടകത്തിലെത്തിച്ചിരുന്നു.
30 കാരനായ എറിക്സണ് 2020 യൂറോകപ്പില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണിരുന്നു. പിന്നീട് കുറച്ചുകാലം വിശ്രമജീവിതം നയിച്ച എറിക്സണ് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഫുട്ബോള്‍ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ബ്രെന്റ്ഫോര്‍ഡിന് വേണ്ടി 11 മത്സരങ്ങള്‍ കളിച്ച താരം തകര്‍പ്പന്‍ ഫോമാണ് പുറത്തെടുത്തത്. ഒരു ഗോള്‍ നേടുകയും ചെയ്തു.
2013 മുതല്‍ 2020 വരെ ടോട്ടനത്തിനുവേണ്ടി 226 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ എറിക്സണ് 51 ഗോളുകള്‍ നേടി. ഡച്ച് ക്ലബ്ബ് അയാക്സിനുവേണ്ടി കളിച്ചാണ് എറിക്സണ് പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തേക്ക് പ്രവേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..