മിലാന്‍ : യൂറോകപ്പിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കളിക്കളത്തില്‍ കുഴഞ്ഞുവീണ ശേഷം ആദ്യമായി ക്ലബ്ബിലേക്ക് തിരികെയെത്തി ഇന്റര്‍ മിലാന്റെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. 

ജൂണ്‍ 12-ന് കോപ്പന്‍ഹേഗനില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് എറിക്സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങൾ നിറകണ്ണുകളോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.

എറിക്‌സണ്‍ ടീമിനെ കാണാനെത്തിയ കാര്യം ബുധനാഴ്ച ഇറ്റാലിയന്‍ ക്ലബ്ബ് തന്നെയാണ് അറിയിച്ചത്. ഇവിടെയെത്തിയ താരം ടീം അംഗങ്ങള്‍, ക്ലബ്ബ് ഡയറക്ടര്‍മാര്‍, പരിശീലകര്‍ എന്നിവരെയെല്ലാം കണ്ടു. 

നിലവില്‍ ഡാനിഷ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കളിക്കളത്തിലേക്ക് തിരികെയെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ഹൃദയാഘാതത്തിനു പിന്നാലെ എറിക്‌സന്റെ ശരീരത്തില്‍ ഐ.സി.ഡി എന്ന പ്രത്യേകതരം പേസ്‌മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ സ്വാഭാവിക പ്രവൃത്തികള്‍ക്കു വേണ്ടിയാണിത്. ഇത് എടുത്ത് കളയാതെ താരത്തിന് ഇനി ഇറ്റലിയില്‍ കളിക്കാനാകില്ല. ഇക്കാരണത്താല്‍ തന്നെ കളിക്കളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. 

ജൂണ്‍ 12-ന് നടന്ന മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്‌ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്‌സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈകാതെ താരം അപകടനില തരണം ചെയ്തു. 

Content Highlights: Christian Eriksen reunited with Inter Milan teammates