ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ ആദ്യ മത്സരത്തില്‍ എടികെയോട് ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് ജയം എന്താണെന്ന് അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. 

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയ്‌നായി നാലാം മിനിറ്റില്‍ ആന്ദ്രെ ചെമ്പ്രിയാണ് ആദ്യം വലം കുലുക്കിയത്. തൊട്ടുപിന്നാലെ 14-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. പിന്നാലെ ലാലിയന്‍സുവാല ചാങ്‌തെ (30), വാല്‍സ്‌കിസ് (40) എന്നിവരിലൂടെ ആദ്യ പകുതിയില്‍ തന്നെ 3-1 ന് ആധിപത്യം സ്ഥാപിക്കാന്‍ ചെന്നൈയ്‌ന് സാധിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമെല്ലാം നിഷ്പ്രഭമാക്കി രണ്ടാം പകുതി ഗോള്‍ രഹിതമായതോടെ അര്‍ഹിച്ച ജയം ചെന്നൈയ്ന്‍ പിടിച്ചെടുക്കുകയും ചെയ്തു. 

ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. 25-ാം മിനിറ്റില്‍ റഫറി തെറ്റായി അനുവദിച്ച് ഫ്രീകിക്കില്‍ ചെന്നൈയിന്‍ വലയിലെത്തിച്ച ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അനുവദിച്ചിരുന്നില്ല. തുടര്‍ന്നുള്ള പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകളടിച്ച് ചെന്നൈയിന്‍ ഇതിന് മറുപടി പറയുകയും ചെയ്തു. 

ജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും സഹിതം ഒമ്പത് പോയന്റോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ജയത്തിന് പുറമേ നാല് തോല്‍വിയും നാല് സമനിലയുമുള്ള ബ്ലാസ്റ്റേഴ്‌സിന് ആകെയുള്ളത് ഏഴ് പോയന്റാണ്. ഡിസംബര്‍ 28ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. ലീഗില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനി ജയം അനിവാര്യമാണ്. 

Content Highlights; chennaiyin defeat kerala blasters