ടീമംഗങ്ങൾക്കൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന ഹാവെർട്സ്
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ചെല്‍സിയ്ക്ക് വിജയം. ലില്ലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ശക്തരായ യുവന്റസിനെ വിയ്യാറയല്‍ സമനിലയില്‍ കുരുക്കി.
ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ആതിഥേയര്‍ പുറത്തെടുത്തത്. കൈ ഹാവെര്‍ട്സും ക്രിസ്റ്റ്യന്‍ പുലിസിച്ചുമാണ് ചെല്‍സിയ്ക്ക് വേണ്ടി ഗോളടിച്ചത്.
എട്ടാം മിനിറ്റില്‍ ഹാവെര്‍ട്സിലൂടെ ചെല്‍സി മത്സരത്തില്‍ ലീഡെടുത്തു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഹാവെര്‍ട്സ് ഗോളടിച്ചത്. ആദ്യ പകുതിയില്‍ ചെല്‍സി 1-0 ന് മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ പുലിസിച്ച് ചെല്‍സിയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. എന്‍ഗോളോ കാന്റെയുടെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ഈ വിജയത്തോടെ ലില്ലിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ചെല്‍സിയ്ക്ക് സാധിച്ചു. രണ്ടാംപാദ മത്സരത്തില്‍ വലിയ വിജയം നേടിയാല്‍ മാത്രമേ ലില്ലിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനാകൂ.
യുവന്റസും വിയ്യാറയലും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 33-ാം സെക്കന്‍ഡില്‍ തന്നെ യുവന്റസ് ലീഡെടുത്തു. യുവതാരം ഡ്യൂസന് വ്ളാഹോവിച്ചാണ് ടീമിനായി വലകുലുക്കിയത്.
ഈ ഗോളിന്റെ ബലത്തില്‍ പുതിയ റെക്കോഡ് സ്വന്തമാക്കാനും വ്ളാഹോവിച്ചിന് സാധിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. ആദ്യ പകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാനും യുവന്റസിന് സാധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ വിയ്യാറയല്‍ ശക്തമായി തിരിച്ചുവന്നു. 66-ാം മിനിറ്റില്‍ ഡാനി പറേഹോയിലൂടെ ആതിഥേയര്‍ സമനില ഗോള്‍ നേടി. വൈകാതെ മത്സരം സമനിലയില്‍ അവസാനിച്ചു.
യുവന്റസിന്റെയും ചെല്‍സിയുടെയും രണ്ടാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരം മാര്‍ച്ച് 17-ന് നടക്കും.
Content Highlights: Chelsea win against Lille, Juventus held to draw by Villarreal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..