ലണ്ടന്‍ : എഫ് എ കപ്പ് ഫൈനലിലെ തോല്‍വിക്ക് ലെസ്റ്റര്‍ സിറ്റിയോട് കണക്ക് തീര്‍ത്ത് ചെല്‍സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയ  ചെല്‍സി ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി. തോല്‍വിയോടെ ലെസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് വീണു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. മത്സരത്തിന്റെ തുടക്കം മുതല്‍ ചെല്‍സിയാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. ആദ്യ പകുതിയില്‍ വെര്‍ണര്‍ രണ്ടു തവണ വല ചലിപ്പിച്ചെങ്കിലും വാര്‍ ഗോള്‍ നിഷേധിച്ചു. പെനാല്‍റ്റിക്ക് വേണ്ടിയുള്ള ചെല്‍സിയുടെ അപ്പീലും റഫറി നിഷേധിച്ചു. 

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധ താരം  റൂഡികറിന്റെ  ഗോളില്‍ ചെല്‍സി ലീഡ് എടുത്തു. തുടര്‍ന്ന് വെര്‍ണറെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചു ജോര്‍ഗിനോ ചെല്‍സിയുടെ ലീഡ് രണ്ടാക്കി. ലെസ്റ്റര്‍ താരം ഇഹിനാച്ചോ ഒരു ഗോള്‍ മടക്കിയെങ്കിലും ലെസ്റ്ററിനു സമനില ഗോള്‍ കണ്ടെത്താനായില്ല.

തോല്‍വിയോടെ ലെസ്റ്ററിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ബേണ്‍ലിയെ ലിവര്‍പൂള്‍ തോല്‍പ്പിച്ചാല്‍ ലെസ്റ്റര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യുണൈറ്റഡും നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരുന്നു.

Content Highlight:  chelsea vs leicester city match epl 2021