ലണ്ടൻ: ചെൽസി താരം ക്രിസ്റ്റിയൻ പുലിസിച്ച് മാഞ്ചസ്റ്റർ സിറ്റിക്കെതിരേ 36-ാം മിനിറ്റിൽ നേടിയ ഗോൾ ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം നേരത്തെയാക്കുന്നതിൽ നിർണായകമായിരുന്നു. ഇതോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കൂട്ടിയ ലിവർപൂൾ ഏഴു മത്സരം ശേഷിക്കെ കിരീടം സ്വന്തമാക്കി. ഈ പുലിസിച്ചാണെങ്കിൽ ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ വിശ്വസ്തനാണ്. ചെൽസിയിലെത്തും മുമ്പ് ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമായിരുന്നു പുലിസിച്ച്. അന്ന് ബൊറൂസിയയുടെ പരിശീലകനായിരുന്നു ക്ലോപ്പ്.

ഇതോടെ ലിവർപൂളിന്റെ കിരീടത്തിനായി ക്ലോപ്പ് ഇഷ്ടതാരത്തിന്റെ സഹായം തേടി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ടൈം മെഷീനിലൂടെ ക്ലോപ്പ് കാര്യങ്ങൾ മുൻകൂട്ടി കണ്ടെന്നും അങ്ങനെയാണ് ബുണ്ടസ് ലിഗയിൽ നിന്ന് ചെൽസിയിലേക്ക് ക്ലോപ്പ് പുലിസിച്ചിനെ എത്തിച്ചതെന്നും ട്രോളുകളിൽ നിറയുന്നു. ബൊറൂസിയയിൽ നിന്ന് ലിവർപൂളിൽ എടുക്കാതെ ചെൽസിയിലേക്ക് വിട്ട് ക്ലോപ്പ് ഇതെല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും ആരാധകർ തമാശയായി പറയുന്നു.

ഒരു അമേരിക്കൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നൽകിയാണ് ചെൽസി പുലിസിച്ചിനെ ബൊറൂസിയയിൽ നിന്ന് കൊണ്ടുവന്നത്. 2019-ലായിരുന്നു ഈ കൈമാറ്റം.

30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലിവർപൂൾ ഇപിഎൽ ചാമ്പ്യൻമാരായത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി തോൽപ്പിച്ചതോടെ ലിവർപൂൾ കിരീടമുറപ്പിക്കുകയായിരുന്നു. 31 മത്സരങ്ങൾ പൂർത്തിയായപ്പോൾ 28 വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 86 പോയിന്റാണ് ലിവർപൂളിന്റെ അക്കൗണ്ടിലുള്ളത്.

content highlights: Chelsea star Christian Pulisic deemed Klopps double agent as he aids Liverpools title win