ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ തോമസ് ടുച്ചലാകും പിന്‍ഗാമി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. അവസാന അഞ്ച് കളിയില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ ടീമിനായത്. 2018 ജൂലായിലാണ് മൗറീസിയോ സാറിയെ പുറത്താക്കി ക്ലബ്ബിന്റെ ഇതിഹാസതാരം കൂടിയായ ലാംപാര്‍ഡിനെ ചുമതലയേല്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിച്ച ലാംപാര്‍ഡ് എഫ്.എ. കപ്പില്‍ ഫൈനലിലേക്കും നയിച്ചു.

ഈ സീസണില്‍ 2000 കോടിയോളം രൂപ കളിക്കാരെ കൊണ്ടുവരാന്‍ ചെല്‍സി ചെലവിട്ടിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള ഫലമില്ലാതായതാണ് ലാംപാര്‍ഡിന്റെ കസേരയിളക്കിയത്.

റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച് 2003-ല്‍ ചെല്‍സിയെ ഏറ്റെടുത്ത ശേഷം പുറത്താക്കപ്പെടുന്ന പത്താമത്തെ മുഴുവന്‍സമയ പരിശീലകനാണ് ലാംപാര്‍ഡ്. 1098 കോടിയോളം രൂപയാണ് പുറത്താക്കപ്പെട്ട പരിശീലകര്‍ക്ക് ക്ലബ്ബ് ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയത്.

84 കളികളില്‍ ചെല്‍സിയെ പരിശീലിപ്പിച്ച ലാംപാര്‍ഡ് 44 വിജയവും 17 സമനിലയും നേടി. 23 കളികളിലാണ് തോറ്റത്.

Content Highlights: Chelsea sack manager Frank Lampard Thomas Tuchel may take charge