ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്ത് കാറബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ്) ഫൈനലില്‍ പ്രവേശിച്ച് ചെല്‍സി. രണ്ടാം പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ചെല്‍സിയുടെ വിജയം. 

ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ 18-ാം മിനിറ്റില്‍ പ്രതിരോധതാരം ആന്റോണിയോ റൂഡിഗറാണ് ചെല്‍സിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 ന് വിജയിച്ച് ചെല്‍സി ഫൈനലില്‍ ഇടം നേടി. 

തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് റൂഡിഗര്‍ വലകുലുക്കിയത്. നിര്‍ഭാഗ്യം ടോട്ടനത്തെ വല്ലാതെ പിടിച്ചുലച്ചു. ടോട്ടനത്തിന് അനുകൂലമായി റഫറി രണ്ട് തവണ പെനാല്‍ട്ടി വിധിച്ചെങ്കിലും വി.എ.ആറിലൂടെ ഇത് രണ്ടും അസാധുവായി. പിന്നാലെ നായകന്‍ ഹാരി കെയ്ന്‍ ഗോളടിച്ചെങ്കിലും വി.എ.ആറിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു. 

ഫൈനലില്‍ ലിവര്‍പൂളോ ആഴ്‌സനലോ ആയിരിക്കും ചെല്‍സിയുടെ എതിരാളി.

Content Highlights: Chelsea outclass Tottenham as Rudiger seals Carabao Cup final spot