ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിയുടെ സ്വപ്നതുല്യമായ വിജയക്കുതിപ്പിന് വിരാമം. 14-ാം തുടര്‍വിജയത്തിലേക്ക് ബൂട്ടുകെട്ടിയിറങ്ങിയ ടീമിനെ ടോട്ടനം ഹോട്സ്പര്‍ അട്ടിമറിച്ചു (2-0). ഇരട്ട ഗോള്‍ നേടിയ ഡാലെ അലിയാണ് ടോട്ടനത്തിന് വിജയമൊരുക്കിയത്.
തോറ്റെങ്കിലും 20 കളിയില്‍നിന്ന് 49 പോയന്റുള്ള ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ഇത്രയും കളിയില്‍നിന്ന് 42 പോയന്റായ ടോട്ടനം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.അലി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇരട്ടഗോള്‍ നേടുന്നത്. വാറ്റ്ഫഡ്, സതാംപ്ടണ്‍ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഇതിനുമുമ്പ് ഗോള്‍ നേടിയത്.
ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് ആദ്യഗോള്‍ വന്നത്. എറിക്സന്റെ മനോഹരമായ ക്രോസില്‍ തലവെച്ചാണ് അലി എതിര്‍വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ഗോള്‍ നേടി ടോട്ടനത്തിന്റെ ജയം ഉറപ്പാക്കാനും താരത്തിനായി.
ഇത്തവണയും കഥാപാത്രങ്ങള്‍ മാറിയില്ല. എറിക്സന്റെ വലതുവിങ്ങില്‍നിന്നുള്ള ക്രോസില്‍നിന്നാണ് അലി ഹെഡറിലൂടെ ഗോള്‍ നേടിയത്. കളിയില്‍ ആധിപത്യവും കൂടുതല്‍ ഷോട്ടുതിര്‍ത്തതും ചെല്‍സിയായിരുന്നു. എന്നാല്‍, കോണ്ടെയുടെ തന്ത്രങ്ങള്‍ മാത്രം ടോട്ടനത്തിനുമുന്നില്‍ വിലപ്പോയില്ല.