ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കഷ്ടകാലം തീരുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ടീം വോള്‍വ്‌സിനോട് തോറ്റു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് വോള്‍വ്‌സിന്റെ ജയം. മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ ദുര്‍ബലരായ വെസ്റ്റ്‌ബ്രോം സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

ശനിയാഴ്ച എവര്‍ടണിനോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങിയ ശേഷമാണ് ചെല്‍സി ഇന്നലെ വീണ്ടും മറ്റൊരു തോല്‍വി നേരിട്ടത്. 49-ാം മിനിട്ടില്‍ ഒളിവര്‍ ജിറൂഡിലൂടെ ചെല്‍സിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിയല്‍ പോഡെന്‍സിലൂടെ വോള്‍വ്‌സ് സമനിലപിടിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്‍ജുറി ടൈമില്‍ പെഡ്രോ നേറ്റോ വോള്‍വ്‌സിനായി വിജയഗോള്‍ നേടി. ഈ തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് വീണു.

സിറ്റിയ്ക്ക് വേണ്ടി ഗുണ്ടോഗന്‍ 30-ാം മിനിട്ടില്‍ ലീഡ് നേടിയെങ്കിലും റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോള്‍ ടീമിന് വിനയായി. കഴിഞ്ഞ മത്സരത്തില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടും സിറ്റി സമനില വഴങ്ങിയിരുന്നു. എന്നാല്‍ സമനിലയിലൂടെ സിറ്റി പോയന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. നിലവില്‍ പട്ടികയില്‍ ആറാമതാണ് ടീം. 

ടോട്ടനവും ലിവര്‍പൂളുമാണ് പട്ടികയില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍. ഇരുടീമുകള്‍ക്കും തുല്യ പോയന്റുകളാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തിലാണ് ടോട്ടനം മുന്നിലെത്തിയത്. 

Content Highlights: Chelsea lose for 2nd time in 4 days, Man City draws again