ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ ചെല്‍സിയും ടോട്ടനവും വിജയവഴിയിലേക്ക് തിരികെയെത്തി. ലിവര്‍പൂള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്നു (1-0). ചെല്‍സി ബ്രൈട്ടനെയും (2-0) ടോട്ടനം സതാംപ്ടണിനെയും (2-1) തോല്‍പ്പിച്ചു. 

70-ാം മിനിറ്റില്‍ മധ്യനിരതാരം ജോര്‍ജീന്യോ വിനാള്‍ഡം നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ഷെഫീല്‍ഡിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. കളിച്ച ഏഴ് മത്സരങ്ങളിലും ജയിച്ച ടീം 21 പോയന്റുമായി ഒന്നാം സ്ഥാനത്താണ്.

ബ്രൈട്ടനെതിരെ ചെല്‍സിക്കായി ജോര്‍ജീന്യോ (പെനാല്‍ട്ടി 50), വില്യന്‍ (76) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഈ സീസണില്‍ ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ വിജയമാണിത്. 

ടാന്‍ഗുയ് ഡോംബലെ (24), ഹാരി കെയ്ന്‍ എന്നിവരാണ് സതാംപ്ടണിനെതിരേ ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. ഡാനി ഇങ്സ് (39) സതാംപ്ടണിന്റെ ഗോള്‍ നേടി. സെര്‍ജി ഔറിയര്‍ 31-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ടോട്ടനം കളി പൂര്‍ത്തിയാക്കിയത്.

Content Highlights: Chelsea Liverpool EPL 2019 Football