മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി തങ്ങളുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിക്കഴിഞ്ഞു. കായ് ഹാവെര്‍ട്‌സ് എന്ന താരത്തിന്റെ ബൂട്ടില്‍ നിന്നും പിറന്ന ഗോളിന് മറുപടി നല്‍കാന്‍ സിറ്റി നിരയ്ക്ക് സാധിച്ചില്ല.

റിയാദ് മഹ്‌രസും കെവിന്‍ ഡിബ്രുയ്‌നും റഹീ സ്റ്റെര്‍ലിങ്ങും സെര്‍ജിയോ അഗ്യൂറോയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ചെല്‍സി പ്രതിരോധം ഭേദിക്കാനായില്ല. പ്രതിരോധം പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം എഡ്വേര്‍ഡ് മെന്‍ഡി എന്ന സെനഗല്‍ താരം അവരുടെ രക്ഷയ്‌ക്കെത്തിയിരുന്നു.

ചെല്‍സിക്കൊപ്പമുള്ള കിരീടനേട്ടത്തിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയാണ് മെന്‍ഡി പോര്‍ട്ടോയിലെ എസ്റ്റുഡിയോ ഡോ ഡ്രാഗാവോയില്‍ നിന്ന് മടങ്ങിയത്.

കഴിഞ്ഞ വര്‍ഷമാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് മെന്‍ഡി എത്തുന്നത്. ചെല്‍സി ആരാധകര്‍ക്ക് പോലും ആ വരവില്‍ വലിയ മതിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ബ്ലൂസിനൊപ്പം മികച്ച സീസണായിരുന്നു മെന്‍ഡിയുടേത്. 

ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ ഒമ്പത് ക്ലീന്‍ ഷീറ്റുകളാണ് ഈ ഗോള്‍കീപ്പര്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ സീസണില്‍ ഒരു ഗോള്‍കീപ്പറുടെ എറ്റവും മികച്ച പ്രകടനമെന്ന നേട്ടവും മെന്‍ഡി സ്വന്തമാക്കി.

ഈ സീസണില്‍ 12 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകള്‍ മാത്രമാണ് മെന്‍ഡി വഴങ്ങിയിരിക്കുന്നത്.

മെന്‍ഡിയെ കൂടാതെ രണ്ടുപേര്‍ക്ക് മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഒമ്പത് ക്ലീന്‍ ഷീറ്റുകളുള്ളത്. 2000-01 സീസണില്‍ വലന്‍സിയക്കായി ഗോള്‍വല കാത്ത സാന്റിയാഗോ കാനിസാറസും 2015-16 സീസണില്‍ റയലിനായി കളിച്ച കെയ്‌ലര്‍ നവാസും. ഇവയൊന്നും പക്ഷേ ഈ താരങ്ങളുടെ അരങ്ങേറ്റ സീസണിലായിരുന്നില്ല. 

ഇതോടൊപ്പം മറ്റൊരു മികച്ച നേട്ടവും മെന്‍ഡി സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ എന്ന ബഹുമതി ഇനി എഡ്വേര്‍ഡ് മെന്‍ഡിക്കാണ്.

Content Highlights: Chelsea goalkeeper Edouard Mendy makes Champions League history