ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍. മാഞ്ചെസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലാണ് കലാശപ്പോരാട്ടം. മെയ് 29ന് ഇസ്താംബൂളിലാണ് ഫൈനല്‍.

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാപാദ സെമിയില്‍, പതിമൂന്ന് കിരീടം നേടി ചരിത്രം കുറിച്ച സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ചെല്‍സി ഫൈനലിലേയ്ക്കുള്ള വഴി ഉറപ്പിച്ചത്. 3-1 എന്ന ഗോൾശരാശരിയിലാണ് അവരുടെ ഫൈനൽ പ്രവേശം. മാഡ്രിഡില്‍ നടന്ന ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാംപാദ സെമിയുടെ ഇരുപത്തിയെട്ടാം മിനിറ്റില്‍ ഒഴിഞ്ഞ നെറ്റിലേയ്ക്ക് പന്ത് ഹെഡ് ചെയ്തിട്ട് ജര്‍മന്‍ സ്‌ട്രൈക്കര്‍ ടിമോ വെര്‍ണറും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടുമാണ് ചെല്‍സിയുടെ വിജയഗോളുകള്‍ വലയിലാക്കിയത്.

2012ല്‍ കിരീടം നേടിയശേഷം ഇതാദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. പി.എസ്.ജിയെ 4-1 എന്ന ഗോള്‍ ശരാശരിയില്‍ തോല്‍പിച്ചാണ് സിറ്റി ഫൈനലില്‍ പ്രവേശിച്ചത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത്ര ഭദ്രമല്ല ചെല്‍സിയുടെ നില. മുപ്പത്തിനാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍  61 പോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍. ഈ നിലയില്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ് ചെൽസിക്ക്.

ഇത് മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ടീമുകള്‍ മുഖാമുഖം വരുന്നത്. 2008ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ ഷൂട്ടൗട്ടിലും 2019ല്‍ ലിവര്‍പൂള്‍ ടോട്ടനത്തെയും തോല്‍പിച്ചു.

ചാമ്പ്യന്‍സ് ലീഗ് ഫൈനിന് മുന്‍പ് പ്രീമിയര്‍ലീഗിലും സിറ്റിയും ചെല്‍സിയും ഈയാഴ്ച തന്നെ മുഖാമുഖം വരുന്നുണ്ട്. ജയിച്ചാല്‍ സിറ്റിക്ക് കിരീടം ഏറെക്കുറേ ഉറപ്പിക്കാം. അടുത്ത ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ചെല്‍സിക്കും ജയം അനിവാര്യമാണ്.

Content Highlights: Chelsea,  Real Madrid, all-English UEFA Champions League final, Manchester City