ബകു: ആഴ്‌സണലിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സിക്ക് യൂറോപ്പ ലീഗ് കിരീടം. ഈ സീസണോടെ നീലപ്പടയോട് വിടപറയുന്ന ഏദന്‍ ഹസാര്‍ഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒളിവര്‍ ജിറൂദും പെഡ്രോയുമാണ് ചെല്‍സിയുടെ ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.

ഇറ്റാലിയന്‍ പരിശീലകന്‍ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടനേട്ടമാണിത്. ഇത് രണ്ടാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതോടെ വരുന്ന ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ചെല്‍സി സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ചെല്‍സി കിരീടത്തിലെത്തിയത്. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെല്‍സി ആഴ്‌സണലിനെ ഞെട്ടിച്ചത്. 49-ാം മിനിറ്റില്‍ എമേഴ്‌സന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ജിറൂദാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. 60-ാം മിനിറ്റില്‍ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ നിന്ന് പെഡ്രോ ചെല്‍സിയുടെ ലീഡുയര്‍ത്തി. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹസാര്‍ഡ് ചെല്‍സിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 72-ാം മിനിറ്റില്‍ ഹസാര്‍ഡ് നീലപ്പടയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 69-ാം മിനിറ്റില്‍ അലക്‌സ് ഇവോബിയാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 

ഔബമെയാങ്- ലകാസെറ്റെ  കൂട്ടുകെട്ടിനെ അതിവിദഗ്ധമായി പിടിച്ചുകെട്ടാന്‍ ചെല്‍സിക്കായതോടെ ആഴ്സണലിന്റെ താളംതെറ്റി.