ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. വമ്പന്‍ ടീമുകളെല്ലാം ഇത്തവണ സെമിയിലെത്തി എന്നതാണ് പ്രത്യേകത. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ജയിച്ച് നിലവിലെ ജേതാക്കളായ മാഞ്ചെസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ സെമി ബര്‍ത്ത് ഉറപ്പിച്ചു.
സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെയാണ് തോല്‍പ്പിച്ചത്. കെവിന്‍ ഡിബ്രുയിന്‍ (37), റഹീം സ്റ്റെര്‍ലിങ് (68) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ സിറ്റിക്ക് 13 തവണ കിരീടത്തില്‍ മുത്തമിട്ട ആഴ്‌സണലാണ് എതിരാളികള്‍.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്നാണ് ആഴ്‌സണല്‍ സെമിയിലേക്ക് മുന്നേറിയത്. നിക്കോളാസ് പെപ്പെ (25), ഡാനി കബെല്ലോസ് (90+1) എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. 87-ാം മിനിറ്റില്‍ ഷെഫീല്‍ഡിനായി ഡേവിഡ് മക്‌ഗോള്‍ഡ്രിച്ച് ഗോള്‍ മടക്കിയതോടെ മത്സരം അധികസമയത്തേക്ക് നീളുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ നാലു മിനിറ്റിന് ശേഷം കബെല്ലോസ് ഗണ്ണേഴ്‌സിനായി വിജയഗോള്‍ നേടി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ എഫ്.എ കപ്പ് ജേതാക്കളായ രണ്ടാമത്തെ ടീമാണ് ഗണ്ണേഴ്സ്.
ലെസ്റ്റര്‍ സിറ്റിക്കെതിരായ ഒരു ഗോള്‍ ജയമാണ് ചെല്‍സിയെ സെമിയിലെത്തിച്ചത്. 63-ാം മിനിറ്റില്‍ റോസ്സ് ബാര്‍ക്ലിയാണ് നീലപ്പടയുടെ വിജയ ഗോള്‍ നേടിയത്. അതേസമയം സെമിയില്‍ ഏറ്റവുമധികം എഫ്.എ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ചെല്‍സിയുടെ എതിരാളികള്‍. ഈ സീസണില്‍ യുണൈറ്റഡിനെതിരേ കളിച്ച മൂന്നു മത്സരങ്ങളിലുും ചെല്‍സി പരാജയപ്പെട്ടിരുന്നു.
ശനിയാഴ്ച നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരേ അധികസമയത്തേക്ക് നീണ്ട കളി നായകന്റെ ഗോളില്‍ ജയിച്ചാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. 118-ാം മിനിറ്റില്‍ നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. നേരത്തേ യുണൈറ്റഡിനായി ഒഡിയോണ്‍ ഇഗാലോയും (51) നോര്‍വിച്ച് സിറ്റിക്കായി ടോഡ് കാന്റ് വെല്ലും (75) സ്‌കോര്‍ചെയ്തു. 88-ാംമിനിറ്റില്‍ ചുവപ്പുകാര്‍ഡുകണ്ട് ടിം ക്ലോസെ പുറത്തുപോയതോടെ നോര്‍വിച്ച് പത്തുപേരായി ചുരുങ്ങി.
Content Highlights: Chelsea, Arsenal, Manchester City Move Into FA Cup Semi-Finals