ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയ്ക്കും വെസ്റ്റ് ഹാം യുണൈറ്റഡിനും വിജയം. ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എവര്‍ട്ടണിനെ കീഴടക്കിയപ്പോള്‍ വെസ്റ്റ് ഹാം ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.

ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെച്ചു നടന്ന മത്സരത്തില്‍ എവര്‍ട്ടണിന്റെ ബെന്‍ ​ഗോഡ്ഫ്രേ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ 31-ാം മിനിട്ടില്‍ ആതിഥേയര്‍ മുന്നിലെത്തി. 65-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച ജോര്‍ജീന്യോ ചെല്‍സിയ്ക്ക് വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിക്കാന്‍ ചെല്‍സിയ്ക്ക് സാധിച്ചു. 28 മത്സരങ്ങളില്‍ നിന്നും 50 പോയന്റാണ് ചെല്‍സിയ്ക്കുള്ളത്. തോല്‍വിയോടെ എവര്‍ട്ടണ്‍ ആറാം സ്ഥാനത്തേക്ക് വീണു.

ലീഡ്‌സിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡ് കീഴടക്കിയത്. ഉജ്ജ്വല ഫോമില്‍ തുടരുന്ന ജെസ്സെ ലിംഗാര്‍ഡ് 21-ാം മിനിട്ടില്‍ ടീമിനായി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ 28-ാം മിനിട്ടില്‍ ക്രെയ്ഗ് ഡോസണ്‍ വെസ്റ്റ് ഹാമിനായി രണ്ടാം ഗോള്‍ നേടി. 

ഈ വിജയത്തോടെ വെസ്റ്റ് ഹാം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 27 മത്സരങ്ങളില്‍ നിന്നും 48 പോയന്റാണ് ടീമിനുള്ളത്. മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 

Content Highlights: Chelsea and West Ham United celebrates victory in English premier league