ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി - ലിവര്‍പൂള്‍ മത്സരം സമനിലയില്‍. സ്വന്തം മൈതാനത്ത് രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ചെല്‍സി സമനില (2-2) പിടിച്ചത്. 

മത്സരത്തിന്റെ തുടക്കത്തില്‍ ആധിപത്യം ചെല്‍സിക്കായിരുന്നുവെങ്കിലും ഒമ്പതാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ സ്‌കോര്‍ ചെയ്തു. പിന്നാലെ 26-ാം മിനിറ്റില്‍ മുഹമ്മദ് സലായും ഗോള്‍ നേടിയതോടെ ആദ്യ 30 മിനിറ്റിനുള്ളില്‍ ചെമ്പട രണ്ടു ഗോളിന് മുന്നിലെത്തി. 

എന്നാല്‍ 42-ാം മിനിറ്റില്‍ മത്തിയോ കൊവാച്ചിച്ചിലൂടെ ചെല്‍സി ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ക്രിസ്റ്റിയന്‍ പുലിസിച്ചിലൂടെ ചെല്‍സി രണ്ടാം ഗോളും സ്വന്തമാക്കി. 

രണ്ടാം പകുതിയില്‍ സലായുടെയും മാനെയുടെയും ഷോട്ടുകള്‍ രക്ഷപ്പെടുത്തിയ മെന്‍ഡി ചെല്‍സിയുടെ രക്ഷകനായി. സമനിലയോടെ 21 മത്സരങ്ങളില്‍ നിന്ന് 43 പോയന്റുമായി ചെല്‍സി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 42 പോയന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുണ്ട്.

Content Highlights: Chelsea and Liverpool match ends in thrilling draw