ലണ്ടന്‍: കരുത്തരായ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും എഫ്.എ കപ്പ്‌ ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെസ്റ്റര്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചപ്പോള്‍ ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയത്. യുവതാരം കെലെച്ചി ഇഹിയനാച്ചോയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് തുണയായത്. 24-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് ഇഹിയനാച്ചോ ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 38-ാം മിനിട്ടില്‍ യുണൈറ്റഡിനായി മേസണ്‍ ഗ്രീന്‍വുഡ് സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 തുല്യത പാലിച്ചു. 

രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ കളം നിറഞ്ഞുകളിച്ചു. 52-ാം മിനിട്ടില്‍ യൂറി ടിയെലെമാന്‍സ് ലെസ്റ്ററിന് വേണ്ടി രണ്ടാം ഗോോള്‍ നേടി. 78-ാം മിനിട്ടില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിയ ഇഹിയനാച്ചോ ടീമിന് 3-1 എന്ന സ്‌കോറിന്റെ വിജയം സമ്മാനിച്ചു. ഈ തോല്‍വി വലിയ ആഘാതമാണ് യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ യുണൈറ്റഡിന്റെ കിരീട പ്രതീക്ഷയായിരുന്നു എഫ്.എ കപ്പ്.

ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്താണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ചെല്‍സിയ്ക്കായി ഹക്കിം സിയെച്ച് ഗോള്‍ നേടിയപ്പോള്‍ ഒലിവര്‍ നോര്‍വുഡിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. 

ഏപ്രില്‍ 17 ന് നടക്കുന്ന സെമി ഫൈനലില്‍ ചെല്‍സി കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടും. ലെസ്റ്ററിന് സതാംപ്ടണാണ് സെമി ഫൈനലിലെ എതിരാളി.

Content Highlights: Chelsea and Leicester City enter in to the semi finals of FA Cup