മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ദുരിതം അവസാനിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക മത്സരത്തില്‍ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോഡില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

വിജയമറിയാതെയുള്ള യുണൈറ്റഡിന്റെ നാലാം മത്സരമാണിത്. ഈ സീസണില്‍ ഓള്‍ഡ് ട്രാഫോഡില്‍ ഒരു മത്സരത്തില്‍ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായിട്ടുള്ളത്. ഇതോടെ ഗ്രൂപ്പ് എച്ചില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. പരിശീലകന്‍ ഹോസെ മൗറീന്യോയുടെ ഭാവിയും ഇതോടെ കൂടുതല്‍ അവതാളത്തിലായി. വലന്‍സിയ പ്രതിരോധത്തെ പരീക്ഷിക്കാന്‍ പലതവണ സാധിച്ചെങ്കിലും യുണൈറ്റഡിന് ഗോള്‍ നേടാനായില്ല.

champions league results

അതേസമയം ആവേശകരമായ മത്സരത്തില്‍ ഡേവിഡ് സില്‍വയുടെ ഗോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി അവസാന നിമിഷം വിജയം സ്വന്തമാക്കി. ജര്‍മന്‍ ക്ലബ്ബ് ഹോഫന്‍ഹെയ്മാണ് സ്വന്തം മൈതാനത്ത് സിറ്റിയെ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. മത്സരം ആരംഭിച്ച് ഒരു മിനിറ്റാകുന്നതിനു മുന്‍പ് ബെല്‍ഫോഡിലിന്റെ ഗോളില്‍ ഹോഫന്‍ഹെയിം, സിറ്റിയെ ഞെട്ടിച്ചു. എന്നാല്‍ ആറു മിനിറ്റുകള്‍ക്കു ശേഷം സെര്‍ജിയോ അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തില്‍ 87-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ സിറ്റിയുടെ വിജയ ഗോള്‍ സ്വന്തമാക്കി. ഇതോടെ ആദ്യ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ലിയോണിനോട് തോറ്റ സിറ്റിക്ക് ആശ്വാസമായി ഈ വിജയം.

champions league results

ഗ്രൂപ്പ് ഇയില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയറണ്‍ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഡച്ച് ക്ലബ്ബ് അയാക്‌സ് സമനിലയില്‍ പിടിച്ചു. ബയറണിന്റെ അനുഭവസമ്പത്തുള്ള നിരയെ അയാക്‌സിന്റെ യുവനിര അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നാലാം മിനിറ്റില്‍ മാറ്റ്‌സ് ഹമ്മല്‍സിന്റെ ഗോളില്‍ ബയറണാണ് ആദ്യം മുന്നിലെത്തിയത്. 22-ാം മിനിറ്റില്‍ മസ്‌രാവോയിലൂടെ അയാക്‌സ് സമനില പിടിച്ചു.

champions league results

സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമ, ചെക്ക് റിപ്പബ്ലിക് ക്ലബ്ബായ വിക്ടോറിയ പ്ലെസനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എഡിന്‍ ജെക്കോയുടെ ഹാട്രിക്ക് മികവിലായിരുന്നു റോമയുടെ വിജയം. 3, 40, 90+2 മിനിറ്റുകളിലായിരുന്നു ജെക്കോയുടെ ഗോളുകള്‍. 64-ാം മിനിറ്റില്‍ ചെങ്കിസ് അണ്ടറും 73-ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ട്ടും റോമയ്ക്കായി സ്‌കോര്‍ ചെയ്തു. ആദ്യ മത്സരത്തില്‍ റയലിനോട് തോറ്റ റോമയ്ക്ക് ആശ്വാസമായി ഈ വിജയം. നിലവില്‍ ഗ്രൂപ്പ് ജിയില്‍ മൂന്നാം സ്ഥാനത്താണ് റോമ.

Content Highlights: champions league results