മാഡ്രിഡ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനല്‍ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും മുഖാമുഖം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബുവിലാണ് മത്സരം. ശക്തരായ ബയറണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയല്‍ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് അത്ലറ്റിക്കോ അവസാന നാലില്‍ എത്തി.

സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ വലന്‍സിയക്കെതിരെ നേടിയ വിജയവുമായാണ് റയലെത്തുന്നതെങ്കില്‍ ലാ പാമസിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അത്ലറ്റിക്കോയുടെ വരവ്.

രണ്ടു ടീമിലെയും മുഴുവന്‍ താരങ്ങളും ലഭ്യമാണെന്നതാണ് ഇരു ടീമുകള്‍ക്കും ആശ്വാസം നല്‍കുന്ന ഘടകം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് റയലിന്റെ വരവെങ്കില്‍ അന്റോയിന്‍ ഗ്രീസ്മാനാണ് അത്ലറ്റിക്കോയുടെ ചുക്കാന്‍ പിടിക്കുന്നത്.