Photo: twitter.com/FCBayernEN
ബെര്‍ലിന്‍: അപ്രതീക്ഷിത തോല്‍വിയില്‍ ഉലഞ്ഞുപോയ ബയേണ്‍ മ്യൂണിക്കിന് സ്വന്തം മണ്ണില്‍ നിലനില്‍പ്പിന്റെ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ഫൈനലിന്റെ രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലുമായി ജര്‍മന്‍ വമ്പന്മാര് ഒരിക്കല്‍കൂടി കൊമ്പുകോര്‍ക്കും. മറ്റൊരു കളിയില്‍ സെമിയിലേക്ക് പാത പാതി തുറന്നുവെച്ച റയല്‍ മഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുമായി സ്വന്തം തട്ടകത്തില്‍ ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ചൊവ്വാഴ്ച രാത്രി 12.30-ന് നടക്കും.
ചാമ്പ്യന്‍സ് ലീഗിലെ കിരീടമോഹികളായ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത ഒരു ഗോളിനാണ് ആദ്യപാദത്തില്‍ വിയ്യാറയലിനോട് തോറ്റത്. കളിയില്‍ ആധിപത്യം പുലര്‍ത്തുകയും 22 ഷോട്ടുകളുതിര്ക്കുകയും ചെയ്തിട്ടും ജര്‍മന്‍ ക്ലബ്ബിന് വിയ്യാറയലിന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല. കളിയുടെ തുടക്കത്തില്‍ അര്‍നൗട്ട് ഡാന്യുമ നേടിയ ഗോളില്‍ പിടിച്ചുനില്ക്കാന് സ്പാനിഷ് ക്ലബ്ബിനായി. രണ്ടാം പാദം സ്വന്തം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍.
പ്രതിരോധക്കരുത്തില്‍ ആദ്യപാദം വിജയകരമായി പിന്നിട്ട വിയ്യാറയല്‍ എതിരാളിയുടെ ഗ്രൗണ്ടില്‍ തന്ത്രം മാറ്റാനിടയില്ല.
ആദ്യപാദത്തില്‍ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ 3-1 നാണ് റയല്‍ വീഴ്ത്തിയത്. ജയവും ഗോള്‍നിലയും സ്പാനിഷ് ക്ലബ്ബിന് അനുകൂലഘടകമാണ്. മാരക ഫോമിലുള്ള കരീം ബെന്‍സമയാണ് റയലിന്റെ തുറുപ്പുചീട്ട്. ഫ്രഞ്ച് സ്ട്രൈക്കറുടെ ഹാട്രിക്കിലാണ് റയല്‍ ആദ്യപാദം നേടിയത്. പരിക്കുള്ള ഇഡന്‍ ഹസാര്‍ഡ്, ലൂക്ക ജോവിച്ച് എന്നിവര്‍ റയലില്‍ കളിക്കാനുണ്ടാകില്ല.
കെയ് ഹാവെര്‍ട്സ്- തിമോ വെര്‍ണര്‍- മേസണ്‍ മൗണ്ട് ത്രയത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ചെല്‍സി തിരിച്ചടിക്കാനൊരുങ്ങുന്നത്.
Content Highlights: champions league quarter final second leg match real madrid chelsea bayern munich
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..