ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എവേ ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് എഫ്.സി പോര്‍ട്ടോയാണ് യുവന്റസിനെ മറികടന്ന് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 

പോര്‍ട്ടോയുടെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ 1-2ന് യുവന്റ്‌സ് പരാജയപ്പെട്ടിരുന്നു. രണ്ടാം പാദത്തില്‍ 3-2ന്റെ ജയം നേടാനായെങ്കിലും ഗോള്‍നില 4-4 ആയതോടെ എവേ ഗോളിന്റെ ബലത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.

സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ 19-ാം മിനിറ്റില്‍ പിന്നില്‍ പോയ ശേഷമാണ് യുവെ മൂന്നു ഗോള്‍ തിരിച്ചടിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ ഒളിവേരയാണ് പോര്‍ട്ടോയെ മുന്നിലെത്തിച്ചത്.

ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും 49-ാം മിനിറ്റില്‍ ഫെഡറിക്കോ കിയേസയിലൂടെ യുവെ ആദ്യ ഗോള്‍ മടക്കി. 

54-ാം മിനിറ്റില്‍ മെഹ്ദി തരാമി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും അത് മുതലാക്കാന്‍ യുവെയ്ക്ക് സാധിച്ചില്ല. 

63-ാം മിനിറ്റില്‍ കിയേസ യുവെയുടെ രണ്ടാം ഗോളും നേടി. സ്‌കോര്‍ നില 3-3 ആയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 

115-ാം മിനിറ്റില്‍ ഒളിവേരയിലൂടെ പോര്‍ട്ടോ വീണ്ടും സ്‌കോര്‍ ചെയ്തതോടെ യുവന്റസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. 

117-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ട് യുവെയ്ക്കായി സ്‌കോര്‍ ചെയ്‌തെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Content Highlights: Champions League Porto stun Juventus to storm into quarterfinal