ഫ്രഞ്ച് മധ്യനിരയുടെ ജീവനാഡിയാണ് എംഗോളോ കാന്റെ. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ നമ്മൾ അതു കണ്ടതാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചെൽസി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടപ്പോൾ അവിടേയും കാന്റെ തന്നെയാണ് താരം. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടു പാദങ്ങളിലും ഫൈനലിലും കളിയിലെ താരമായത് ഈ ഫ്രഞ്ച് താരമാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്കു വരിഞ്ഞുകെട്ടിയ കാന്റേയുടെ പ്രകടനമായിരുന്നു പോർട്ടോയിൽ കണ്ടത്. കൗണ്ടറുകളോ ത്രൂ പാസുകളോ നടത്താനാകാതെ സിറ്റി താരങ്ങൾ കുഴങ്ങി. റഹീം സ്റ്റെർലിങ്ങും ഫിൽ ഫോഡനും ബെർണാടോ സിൽവയും കെവിൻ ഡി ബ്രുയിനുമെല്ലാം ഗോളിനായി ദാഹിച്ചു.

കാന്റെയുടെ ഈ പ്രകടനം കണ്ട് ചെൽസിയുടെ മുൻതാരം റാമിറസ് പറഞ്ഞത് സമാനതകളില്ലാത്ത താരം എന്നായിരുന്നു. 'ബഹളങ്ങളില്ലാത്ത, നാണംകുണുങ്ങിയായ താരമാണ് കാന്റെ.പക്ഷേ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലും അവനുണ്ടാകും. പ്രതിരോധത്തിലായാലും മധ്യനിരയിലായാലും മുന്നേറ്റത്തിലായാലും അവനെ കാണാം. അവൻ ലോകത്തെ മികച്ച താരമാണ്.' റാമിറസ് പറയുന്നു.

2014-ൽ ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റെ 2015-ലാണ് ലെസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലണ്ടിലെത്തുന്നത്. തൊട്ടടുത്ത വർഷം ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടി. 2017-ൽ ചെൽസിക്കൊപ്പവും പ്രീമിയർ ലീഗ് കിരീടനേട്ടം. 2018-ൽ ഫ്രാൻസിനൊപ്പം ലോകകിരീടം, 2019-ൽ ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടിരിക്കുന്നു. കാന്റെയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

ഇനി ഫ്രാൻസിനൊപ്പം യൂറോ കപ്പ് നേടാനുള്ള യാത്രയിലാണ് കാന്റെ. അവിടേയും വിജയക്കൊടി പാറിച്ചാൽ ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻദ്യോർ ഫ്രഞ്ച് താരത്തിന്റെ കൈയിലുണ്ടാകും.

Content Highlights: Champions League NGolo Kante an extraordinary player