പാരിസ്: 2017-ലെ അത്ഭുതങ്ങള്‍ ആവര്‍ത്തിച്ചില്ല. രണ്ടാം പാദ മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.

പി.എസ്.ജിയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരം സമനിലയിലായതോടെയാണ് ബാഴ്‌സ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ബാഴ്‌സയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 4-1ന് പി.എസ്.ജി സ്വന്തമാക്കിയിരുന്നു. ഇരു പാദങ്ങളിലുമായി 5-2 ജയത്തോടെ പി.എസ്.ജി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തില്‍ തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ സാധിക്കാതിരുന്നതും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതുമാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. 

31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കിലിയന്‍ എംബാപ്പെ പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തതോടെ ബാഴ്‌സയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. 37-ാം മിനിറ്റില്‍ 25 മീറ്റര്‍ അകലെ നിന്നുള്ള ഷോട്ടിലൂടെ മെസ്സി ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു. 

പക്ഷേ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മുന്നിലെത്താന്‍ ലഭിച്ച അവസരം മെസ്സി നഷ്ടപ്പെടുത്തി. താരത്തിന്റെ പെനാല്‍റ്റി കിക്ക് ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തുകയായിരുന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ 2015-ന് ശേഷം ആദ്യമായാണ് മെസ്സി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. 

കഴിഞ്ഞ ദിവസം പോര്‍ട്ടോയോട് തോറ്റ് യുവന്റസും പുറത്തായതോടെ 2005-ന് ശേഷം മെസ്സിയോ റൊണാള്‍ഡോയൊ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലാകും ഇത്തവണത്തേത്. 

ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഡെംബലെയ്ക്കായിരുന്നു നിരവധി അവസരങ്ങള്‍ ലഭിച്ചത്.

Content Highlights: Champions League Mbappe scores again Barcelona out of the competition